old-trivandrum

പൊലീസ് ഒരാളെയും ചെറുതായി കാണരുതെന്നും എല്ലാവർക്കും തുല്യബഹുമാനം നൽകണമെന്നും കഴിഞ്ഞദിവസമാണ് ഹൈക്കോടതി കർശന നിർദേശം നൽകിയത്. പൊലീസുകാരിൽ നിന്നുള്ള മോശം പെരുമാറ്റം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. പാലക്കാട് ആലത്തൂരിൽ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയ കേസിലായിരുന്നു പരാമർശം.

ജനാധിപത്യത്തിൽ പരമാധികാരം ജനങ്ങൾക്കാണെന്നും ആലത്തൂരിലെ പൊലീസ് ഓഫീസറുടെ നടപടി ശരിയാണോയെന്നും ഡി.ജി.പിയോട് കോടതി ആരാഞ്ഞു. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നായിരുന്നു ഡി.ജി.പിയുടെ മറുപടി. ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. വകുപ്പുതല അന്വേഷണം നടക്കുകയാണ്. തുടർനടപടിയുണ്ടാകുമെന്നും ഉറപ്പു നൽകിയ ഡി.ജി.പി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകിയതായും അറിയിച്ചു.


അപകടത്തിൽപ്പെട്ട വാഹനം വിട്ടുകിട്ടാൻ കോടതി ഉത്തരവുമായി പൊലീസ് സ്റ്റേഷനിലെത്തിയ അഡ്വ. അക്വിബ് സുഹൈലിനോട് ആലത്തൂർ എസ്.ഐ റിനീഷ് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ, അഡ്വ. അക്വിബ് കോടതിയലക്ഷ്യഹർജി സമർപ്പിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് പൊലീസിനെതിരെ ഒരാവർത്തി കൂടി കോടതിക്ക് വടിയേടുക്കേണ്ടി വന്നത്. പരാമർശത്തിനിടെ കോടതി പ്രത്യേകമായി പറഞ്ഞത്, പൊലീസിന്റെ 'എടാ പോടാ' വിളിയൊന്നും ജനങ്ങളോട് വേണ്ട എന്നാണ്.

ഇക്കാര്യങ്ങൾ പറയുമ്പോൾ ചരിത്രത്തിലേക്ക് ഒരൽപം പിന്നോട്ട് പോകേണ്ടത് അനിവാര്യമാണ്; പ്രത്യേകിച്ചും തിരുവനന്തപുരത്തിന്റെ പൊലീസ് ചരിത്രത്തിലേക്ക്. ജനങ്ങൾക്ക് കാവൽക്കാരായും ചട്ടമ്പികൾക്ക് (ഇന്നത്തെ ഗുണ്ടകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും പ്രാചീനനാമം) പേടി സ്വപ്‌നമായും മാറിയിരുന്ന ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥർ അനന്തപുരിയിലുണ്ടായിരുന്നു. സാധാരണക്കാരുടെ മേൽ കുതിരകയറാത്ത എന്നാൽ അവരുടെ ജീവനും സ്വത്തിനും കാവാലാളായിരുന്ന പൊലീസ് നായകന്മാർ.

മരിയാർഭൂതം, പൊന്നയ്യൻ നാടാർ , ഇടിയൻ ഗോപാലപിള്ള , കടുവാ കൃഷ്ണൻ നായർ, അള്ള് രാമചന്ദ്രൻ, എസ്.ഐ സോമശേഖരൻ, മോർച്ചറി മോഹനൻ, പടയപ്പ ശശി, ഭുവനേന്ദ്രൻ, മിന്നൽ പരമേശ്വരൻ....അങ്ങിനെ പോകുന്ന കിടിലങ്ങളുടെ പേരുകൾ.

ആറടിക്ക് മേൽ പൊക്കവും അതിനൊത്ത വണ്ണവും ആകാരഭംഗിയായി ഉള്ളവരായിരുന്നു മരിയാർ ഭൂതവും പൊന്നയ്യൻ നാടാരും. ഇരുവരും ബന്ധുക്കളുമായിരുന്നു. മരിയ അത്ഭുതം എന്ന തെക്കൻ തിരുവിതാകൂർ നാമം ലോപിച്ചതാണ് മരിയാർഭൂതം എന്നായത്. 1950കളിൽ ആണ് മരിയാർഭൂതം, പൊന്നയ്യൻ നാടാർ എന്നിവരുടെ സുവർണകാലഘട്ടം. തിരുവനന്തപുരത്തുള്ള പേട്ട, ചാക്ക തുടങ്ങിയ സ്ഥലങ്ങളിലെ കൊടികുത്തിയ ചട്ടമ്പിമാരെ ഒതുക്കിയത് മരിയാർഭൂതം ഒറ്റയ‌്ക്കായിരുന്നുവെന്ന് ചരിത്ര ഗവേഷകനായ പ്രതാപ് കിഴക്കേമഠം പറയുന്നു. അതുമായി ബന്ധപ്പെട്ട് കുട്ടിക്കാലത്ത് താൻ കേട്ടുവളർന്ന ഒരനുഭവം പ്രതാപ് ഓർക്കുന്നത് ഇങ്ങനെ- ''പേട്ടയിൽ ഇന്നു കാണുന്ന യംഗ്സ‌്‌റ്റേഴ്‌സ് ക്ളബ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് മരിയാർഭൂതം കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. അക്കാലത്ത് തലസ്ഥാനത്തെ വിറപ്പിച്ച റൗഡിയായിരുന്നു തണ്ടാക്കുടി കുട്ടൻ. ജോലി തെങ്ങുകയറ്റമായിരുന്നെങ്കിലും അജാനബാഹുവായ തണ്ടാക്കുടി കുട്ടന് അതിലേറെ താൽപര്യം റൗഡിത്തരത്തിലായിരുന്നു. തെക്കൻ കളരിയിലും അടിതടമർമ്മത്തിലും വിദ‌ഗ്‌ദ്ധനായിരുന്ന മരിയാർഭൂതത്തിന് തണ്ടാക്കുടിയെ ഒതുക്കാൻ ഒരു സ്കെയിൽ മാത്രമാണ് വേണ്ടിവന്നത്. കണങ്കാലിലെ മർമ്മത്തിൽ നോക്കി താങ്ങുകയായിരുന്നു. മൂന്ന് ദിവസം എഴുന്നേറ്റ് നടക്കാൻ കഴിയാതിരുന്ന കുട്ടനെ മറുതട്ട് നൽകി രക്ഷിച്ചതും മരിയാർഭൂതമായിരുന്നു. ഒപ്പം താക്കീതും നൽകി, 'ഇനി നീ അടവെടുത്താൽ പിന്നെ എണീറ്റ് നടക്കില്ല'. പൊതുജനശല്യമായിരുന്ന തണ്ടാക്കുടി കുട്ടൻ അതോടെ മര്യാദക്കാരനായി.

minnal-parameswaran

തെക്കൻ തിരുവിതാംകൂറായ കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്നവരാണ് മരിയാർഭൂതവും, പൊന്നയ്യൻ നാടാരും തുടങ്ങി മിന്നൽ പരമേശ്വരൻ വരെ എത്തിനിൽക്കുന്ന അക്കാലത്തെ പൊലീസ് പുലികൾ. തികഞ്ഞ അഭ്യാസികളായിരുന്ന ഇവരുടെയെല്ലാം പേരു കേട്ടാൽ തന്നെ ജനം വിറച്ചിരുന്നു.

സത്യസന്ധനും കുറ്റാന്വേഷണ രംഗത്തെ ഏറ്റവും മിടുക്കനുമായ മിന്നൽ പരമേശ്വരൻ പിള്ളയ്‌ക്ക് എത്രയോ കുറ്റവാളികളെ മുട്ടുകുത്തിച്ച ചരിത്രമുണ്ട്. ചവറയിൽ 1950 ൽ എസ്.ഐ യായ കാലത്ത് അദ്ദേഹത്തെ കാത്തിരുന്നത് ആനപാച്ചൻ എന്ന റൗഡിയായിരുന്നു. പല പൊലീസ് ഉദ്യോഗസ്ഥർ വിചാരിച്ചിട്ടും മുട്ടുകുത്തിക്കാൻ കഴിയാതിരുന്ന പാച്ചനെ തെരുവിൽ ഒറ്റയടിക്ക് വീഴ്‌ത്തിയായിരുന്നു പരമേശ്വരൻ പിള്ളയുടെ അരങ്ങേറ്റം. മറ്റൊരിക്കൽ, കാഞ്ഞിരപ്പള്ളിയിൽ എസ്. ഐ യായി ചാർജെടുത്ത പരമേശ്വരൻ പിള്ള 'കാട്ടുകോഴി ചാക്കോ' എന്ന റൗഡിയെ നടുറോഡിൽ അടിച്ചൊതുക്കി പേരെടുത്തു.


ആറ്റുകാൽ പൊങ്കാല നടക്കുമ്പോൾ സ്ത്രീകൾക്കെതിരെ നടന്ന ചില അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ട പരമേശ്വരൻപിള്ള ക്ഷേത്രത്തിൽ പൊങ്കാല നടക്കുമ്പോൾ പുരുഷൻമാർക്ക് പ്രവേശനം നിഷേധിക്കണമെന്ന് ക്ഷേത്രകമ്മിറ്റിക്ക് കർശന നിർദേശം നൽകി. 1954 ലെ ഈ നിർദേശത്തെ തുടർന്നാണ് സ്ത്രീകളുടെ ശബരിമല എന്ന വിശേഷണം ആറ്റുകാൽ ക്ഷേത്രത്തിന് ലഭിച്ചതത്രേ.

പരമേശ്വരൻപിള്ളയ്ക്ക് 'മിന്നൽ' എന്ന പട്ടം നൽകിയത് കോട്ടയം കളക്ടറായിരുന്ന ഗോവിന്ദ മേനോനായിരുന്നു. അന്ന് കസബ സ്റ്റേഷനിൽ എസ്.ഐ യായിരുന്ന പരമേശ്വരൻപിള്ള ഊടുവഴികളിൽ കൂടി സൈക്കിളിൽ മിന്നൽ വേഗത്തിൽ എത്തി കുറ്റവാളികളെ പിടികൂടുക പതിവാക്കി. ആ സൈക്കിൾ ഒരുകാലത്ത് റൗഡികളുടെ പേടിസ്വപ്‌നം തന്നെയായി മാറി. പിന്നീട് ഋഷി തുല്യമായ ജീവിതം നയിച്ച് 97ആം വയസിലാണ് മിന്നൽ ജീവിതത്തിൽ നിന്ന് വിരമിച്ചത്.

ലംബോധരൻ നായർ, മുകുന്ദൻ എന്നിവരെല്ലാം പഴമക്കാർ ആദരവോടെയും അൽപം ഭയത്തോടെയും ഓർക്കുന്ന പൊലീസുകാരാണ്. കാലം മാറിയപ്പോൾ നമ്മുടെ പൊലീസ് സേനയിലും നിരവധി മാറ്റങ്ങൾ ഉണ്ടായി.

kerala-police

സംസ്ഥാന പൊലീസ് സേനയിൽ ക്രിമിനൽ കേസുകളിലുൾപ്പെട്ട എണ്ണൂറിലേറെ പേരുണ്ടെന്നാണ് കണക്ക്. പീഡനക്കേസ് പ്രതികൾ വരെ ഇക്കൂട്ടത്തിലുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ, സ്ത്രീധന പീഡനം, പദവി ദുരുപയോഗം, കൃത്യനിർവഹണത്തിലെ വീഴ്ച, ക്രിമിനൽ സംഘങ്ങളുമായുള്ള കൂട്ടുകെട്ട് തുടങ്ങി ഗുരുതര സ്വഭാവമുള്ള കേസുകളിലുൾപ്പെട്ടവരാണ് ഇവരിൽ പലരും. ഗുണ്ട മാഫിയ സംഘങ്ങളുമായി ചില പൊലീസ് സേനാംഗങ്ങൾക്കുള്ള ബന്ധം കുപ്രസിദ്ധമാണ്. സർക്കാർ സർവീസിലെ ഇതര വിഭാഗങ്ങളിലെന്നപോലെ പൊലീസിലും സംഘടനാ നേതൃത്വം അതീവ ശക്തമാണ്. കൊലക്കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെപ്പോലും ഒളിഞ്ഞും തെളിഞ്ഞും രക്ഷിക്കാൻ ഒറ്റക്കെട്ടായി സംഘടനാ നേതൃത്വം രംഗത്തിറങ്ങും. സംസ്ഥാനത്ത് പല ജില്ലകളിലും നടന്നിട്ടുള്ള ലോക്കപ്പ് മരണങ്ങളിലുൾപ്പെട്ട പൊലീസുകാർക്ക് തുണയാകാറുള്ളതും സഹപ്രവർത്തകർ തന്നെയാണ്.

ഗുരുതര ക്രിമിനൽ സ്വഭാവക്കാരെന്നു കണ്ടെത്തി പിരിച്ചുവിടാനൊരുങ്ങിയ പതിനൊന്ന് പൊലീസ് സേനാംഗങ്ങൾ ഇപ്പോഴും തലയെടുപ്പോടെ സർവീസിൽ തുടരുന്നു. എത്ര വലിയ ക്രിമിനൽ കുറ്റങ്ങൾ ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെയും പോറൽ പോലും ഏൽക്കാതെ രക്ഷിക്കാൻ സേനയ്ക്കകത്തും പുറത്തും രക്ഷകന്മാർ ഉണ്ട്. ഉന്നതരായ പൊലീസ് ഓഫീസർമാരും അക്കൂട്ടത്തിലുണ്ടാകും. എണ്ണത്തിൽ തീരെ കുറവാണെങ്കിലും പൊലീസിലെ ഇത്തരം പുഴുക്കുത്തുകളാണ് അരലക്ഷത്തോളം വരുന്ന സേനയ്ക്കാകമാനം ദുഷ്‌പ്പേരു ചാർത്തുന്നത്.