mohanlal

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങിൽ നിറസാന്നിദ്ധ്യമായിരുന്നു മലയാളത്തിലെ സൂപ്പർതാരങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ചടങ്ങിൽ മുഖ്യ കാർമികത്വം വഹിച്ചത്. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, പാർവതി, ഖുശ്‌ബു, ബിജു മേനോൻ ഉൾപ്പെടെ വൻ താരനിര വിവാഹത്തിനെത്തിയിരുന്നു. താരങ്ങളുടെ ചിത്രങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇതിനിടെ മോഹൻലാൽ ധരിച്ചിരുന്ന വാച്ച് ശ്രദ്ധാകേന്ദ്രമാവുകയാണ്.

അത്യാഡംബര വാച്ച് ധരിച്ചാണ് മോഹൻലാൽ വിവാഹച്ചടങ്ങിനെത്തിയത്. ലോകപ്രശസ്ത ആഡംബര ബ്രാന്റായ റോളക്‌സിന്റെ ജിഎംടി മാസ്റ്റർ2 അഥവാ റൂട്ട് ബീർ വാച്ചാണ് താരം ധരിച്ചിരുന്നത്. 1981ൽ പുറത്തിറങ്ങിയ മോഡലാണിത്. യെല്ലോ ഗോൾഡ് നിറത്തിലുള്ള കേസ്, ബ്രേസ്‌ലെറ്റ്, റെഡ് വൈൻ നിറത്തിൽ ഡയൽ, റെഡ് വൈൻ നിറത്തിൽ റൊട്ടേറ്റിംഗ് ബെസൽ എന്നിവയാണ് ഈ വാച്ചിന്റെ പ്രത്യേകതകൾ. 37, 67,733 രൂപയാണ് ഈ വാച്ചിന്റെ വില.

നിരവധി ആഡംബര വാച്ചുകളുടെ ശേഖരണമുണ്ട് മോഹൻലാലിന്. താരം ധരിച്ചിട്ടുള്ള റിച്ചാർഡ് മില്ലെ ആർഎം030, പറ്റെക് ഫിലിപ്പ് അക്വാനോട്ട്, ബ്രിഗൂട്ട് ട്രെഡിഷൻ തുടങ്ങിയ വാച്ചുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ജനുവരി 17നായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽവച്ച് ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നത്. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് വരന്‍. വിവാഹത്തിന് പിന്നാലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹ റിസപ്‌ഷനിലും മമ്മൂട്ടി, മോഹൻലാൽ,ജയറാം, ദിലീപ്, ബിജുമേനോൻ, കെ.എസ്. ചിത്ര, സരയു മോഹൻ, ഷാജി കൈലാസ്, സുരേഷ്‌കുമാർ, ജോഷി, ഫാസിൽ, ഗോകുലം ഗോപാലൻ തുടങ്ങിയവർ കുടുംബസമേതം പങ്കെടുത്തിരുന്നു.