usman-khawaja

അഡ്‍ലെയ്ഡ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്രിനിടെ ബാറ്റിംഗ് പൂർത്തിയാക്കാൻ സാധിക്കാതെ പരിക്കേറ്റു മടങ്ങി ഓസീസ് ഓപ്പണർ ഉസ്‌മാൻ ഖവാജ. രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഖവാജയ്‌ക്ക് പന്തുകൊണ്ട് പരിക്കേൽക്കുകയായിരുന്നു. വിൻഡീസിന്റെ യുവ പേസർ ഷമർ ജോസഫിന്റെ ബൗൺസർ ഖവാജയുടെ മുഖത്താണ് പതിച്ചത്. ഗ്രൗണ്ടിൽ വച്ച് ചോരതുപ്പിയ താരം റിട്ടയേർ‌ഡ് ഹർട്ടായി ഗ്രൗണ്ട് വിട്ടു.

ബ്രിസ്ബെയ്നിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ താരം കളിക്കുമോയെന്ന കാര്യം സംശയമാണ്. വിശദമായ പരിശോധനക്കായി ഖവാജയെ ആശുപത്രിയിലേക്ക് മാറ്റി. താരത്തിന്റെ പരിശോധനാ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ജനുവരി 25നാണ് പരമ്പരയിലെ രണ്ടാം മത്സരം തുടങ്ങുന്നത്. താടിയെല്ലിന് പൊട്ടലുണ്ടോ എന്നറിയാൻ ഖവാജയെ സ്‌കാനിംഗിന് വിധേയനാക്കും. പരിക്ക് ഗുരുതരമാണെങ്കിൽ രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് മാറ്റ് റെൻഷോയെ പരിഗണിക്കാനാണ് സാദ്ധ്യത.

അഡ്‌ലെയ്‌ഡ് ടെസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെ ഓസ്‌ട്രേലിയ പത്ത് വിക്കറ്റിന് വിജയം നേടിയിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ വിജയത്തിന് 26 റൺസ് മാത്രം വേണ്ടിയിരുന്ന ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ 20 പന്തുകൾ നേരിട്ട ഖവാജ ഒമ്പത് റൺസുമായിട്ടാണ് ഗ്രൗണ്ട് വിട്ടത്. ആദ്യ ഇന്നിംഗ്‌സിൽ വെസ്റ്റിൻഡീസ് 188 റൺസെടുത്തപ്പോൾ ഓസീസ് 283 റൺസിന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സിൽ വിൻഡീസ് 120 റൺസിനും പുറത്തായി. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചറി നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം.