v

ഒന്നാന്തരം കവിയായിട്ടും ഏതെങ്കിലും നോട്ടീസിലോ പുസ്തകത്തിലോ സ്വന്തം പേരിന്റെ കൂടെ 'കവി" എന്നു ചേർത്തുവയ്ക്കാത്തയാളാണ് കമ്മ്യൂണിസ്റ്റ് തറവാട്ടിലെ ഒറ്റയാനായ സുധാകരൻ സഖാവ്. കലർപ്പില്ലാത്ത കമ്മ്യൂണിസ്റ്റുകാർ കവി, മാഷ്, ടീച്ചർ, ഡോക്ടർ തുടങ്ങിയ ബൂർഷ്വ ഏച്ചുകെട്ടലുകൾ തലയിൽ ചുമന്നു നടക്കാറില്ല. കർഷകത്തൊഴിലാളി മുതൽ ജനറൽ സെക്രട്ടറിവരെയുള്ളവരുടെ പേരിനൊപ്പം സഖാവ് എന്നു ചേർത്ത് സോഷ്യലിസം നടപ്പാക്കിയ പാർട്ടിയാണിതെന്ന് പലരും മറന്നു പോകുന്നു. ഇതിൽ ചില മുൻമന്ത്രിമാരുമുണ്ടെന്നതാണ് സുധാകരൻ സഖാവിന് വിഷമമായത്. കൊവിഡ്കാലത്ത് കേരളത്തിലെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജയെ സഖാക്കളടക്കം ടീച്ചറമ്മയെന്ന് വിശേഷിപ്പിക്കുന്നത് ഒട്ടും പിടിക്കാത്ത മൂപ്പര്, അങ്ങനെയൊരു അമ്മ കേരളത്തിൽ ഇല്ലെന്നാണ് തുറന്നടിച്ചത്. സഖാക്കൾ അമ്മയെന്ന് വിളിച്ച ഒരേയൊരു സീനിയർ സഖാവേ പാർട്ടിയിൽ ഉണ്ടായിരുന്നുള്ളൂ-സാക്ഷാൽ കെ.ആർ.ഗൗരിഅമ്മ. ആ അമ്മയെ പുറത്താക്കിയ കുടുംബത്തിന് പുതിയൊരു അമ്മയെ ആവശ്യമില്ലെന്നാണ് സുധാകരസഖാവ് വ്യംഗ്യമായി താങ്ങിയത്.
റബർപാർട്ടിയിലെ ബൂർഷ്വ നേതാവ് ജോസഫ് എം.പുതുശേരിയുടെ പുസ്തകത്തിൽ കെ.കെ.ശൈലജയെ ടീച്ചറമ്മയെന്ന് വിശേഷിപ്പിച്ചതിലൂടെ രണ്ട് തെറ്റുകളാണ് സംഭവിച്ചതെന്ന് പുസ്തകപ്രകാശന ചടങ്ങിൽ സുധാകരൻ പറഞ്ഞത് താത്വികമായ വിലയിരുത്തലാണ്. ടീച്ചറെന്നും അമ്മയെന്നും ഒരുമിച്ച് വിശേഷിപ്പിക്കാതെ ഏതെങ്കിലും ഒന്നായിരുന്നെങ്കിൽ സഖാവ് ഇത്രയും ക്ഷോഭിക്കില്ലായിരുന്നു. അദ്ധ്യാപകനല്ലാതിരുന്ന കെ.എം.മാണിയെ മാണിസാറെന്നും യു.ഡി.എഫിന്റെ പാപ്പാനായിരുന്ന കരുണാകരനെ ലീഡറെന്നും വിശേഷിപ്പിച്ചിരുന്നവർ പുസ്തകത്തിൽ പലതും എഴുതുമെങ്കിലും അത് വായിച്ച് ആരും വല്ലാതങ്ങു ഞെളിയേണ്ടെന്നു പറഞ്ഞത് ടീച്ചറിനെ മാത്രം ഉദ്ദേശിച്ചല്ലെന്നും ചില മാഷുമാരെയും ഡോക്ടർമാരെയും കൂടി ഉന്നമിട്ടാണെന്നും നിഷ്‌കളങ്കരായ സഖാക്കൾ പറയുന്നു. പാർട്ടി സെക്രട്ടറി ഗോവിന്ദൻമാഷും ആലപ്പുഴയിലെ താത്വികനായ മുതിർന്ന നേതാവ് ഡോ. തോമസ് ഐസക്കും 'ടീച്ചറമ്മ" വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

പ്രസ്ഥാനത്തിനുവേണ്ടി പോരാടി ലാത്തിയടി വാങ്ങി ആ വേദന ഉൾക്കൊണ്ടാണ് മന്ത്രിയാകേണ്ടതെന്നും ധൈര്യമായി അഭിപ്രായങ്ങൾ പറയുന്നവരാണ് മുൻനിരയിൽ നില്‌ക്കേണ്ടതെന്നും സുധാകര സഖാവ് പറഞ്ഞത് കാടടച്ചുള്ള വെടിയാണെങ്കിലും കൊള്ളേണ്ടവർക്ക് കൊണ്ടെന്ന് ചില പഴഞ്ചൻ സഖാക്കന്മാർ പറയുന്നു.
തല്ലുകൊണ്ടുവളർന്ന സഖാക്കളെ ചില പ്രത്യേക സ്വാധീനമുപയോഗിച്ച് നൈസായി സ്ഥാനക്കയറ്റം കിട്ടിയവർ ഒതുക്കുകയാണെന്നാണ് ആരോപണമെങ്കിലും ഈ പാർട്ടിയെ അറിയാവുന്ന ആരും വിശ്വസിക്കില്ല. ആരും ശ്രദ്ധിക്കാത്ത കാര്യങ്ങൾ പോലും കണ്ടെത്തുകയും അതേക്കുറിച്ച് കവിതയെഴുതുകയും ചെയ്യുന്ന പ്രതിഭയാണ് സുധാകരൻ. വിഷയത്തിന് അതിർവരമ്പോ എഴുത്തിന് പരിമിതിയോ ഇല്ല. ക്ഷേത്രങ്ങളിലെ പുരോഹിതന്മാരിൽ ചിലർ അടിവസ്ത്രം ധരിക്കുന്നില്ലെന്നും കുറഞ്ഞപക്ഷം കൗപീനമെങ്കിലും വേണമെന്നും അദ്ദേഹം പണ്ടു പറഞ്ഞത് വലിയ കോലാഹലമായിരുന്നു. ക്ഷേത്രത്തിൽ പോകാത്ത, നമസ്കരിക്കാത്ത അദ്ദേഹം ഇതെങ്ങനെ കണ്ടുപിടിച്ചുവെന്ന സംശയം സ്വാഭാവികമാണെങ്കിലും ഒരുകാര്യത്തിൽ ആശ്വസിക്കാം - ഇതു കവിതയായില്ല. കൊവിഡിൽ നിന്നു കേരളത്തെ രക്ഷിക്കാൻ ഉണ്ണിയാർച്ചയെപ്പോലെ പോരാടി ഒടുവിൽ കളരിയിൽ നിന്നു പുറത്തായെങ്കിലും ടീച്ചറമ്മയ്ക്ക് ആരോടും പിണക്കമോ പരിഭവമോ ഇല്ല. കളരിയിലെ 'വെറുംകൈ" മുറകൾക്കു മുന്നിൽ ആയുധങ്ങൾ നിഷ്പ്രഭമാണെന്ന് തഴക്കവും പഴക്കവുമുള്ളവർക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.

ചേട്ടാ, അളിയാ, ചിറ്റപ്പാ തുടങ്ങിയ വിളികളും പാർട്ടി വിരുദ്ധമാണ്. പണ്ടൊരു വനിതാമന്ത്രി മുഖ്യമന്ത്രിയെ പരസ്യമായി ചേട്ടായെന്ന് വിളിച്ചപ്പോൾ അദ്ദേഹം കണ്ണുരുട്ടി കൈയോടെ ആ വിളി അവസാനിപ്പിച്ചിരുന്നു. മുഖ്യനെ സി.എം എന്ന് വിളിക്കുന്നതാണ് നാട്ടുനടപ്പ്.

നേതാക്കളെക്കുറിച്ച് ഭക്തിഗാനം, ഭജന, തിരുവാതിര തുടങ്ങിയവ അവതരിപ്പിക്കുന്നതിനും വിലക്കുണ്ട്. എന്നാൽ ഉന്നതാധികാരസമിതിയുടെ പ്രത്യേക അനുമതിയോടെ ആവാം. അങ്ങനെയൊരു സമിതിയുള്ള കാര്യം പതിവായി പാർട്ടിക്ലാസിൽ വരാത്തവർക്ക് അറിയില്ല. ആരേക്കുറിച്ച് എഴുതണമെന്നും എങ്ങനെ അവതരിപ്പിക്കണമെന്നും സമിതിയാണ് തീരുമാനിക്കുക. പ്രസ്ഥാനത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്ത മൂന്നാംപത്തികളാണ് അപഖ്യാതികൾ പറഞ്ഞുപരത്തുന്നത്.

ഒളിവിലെ ചങ്ങാതിമാർ

വീണ്ടും അരങ്ങിൽ

അടിയന്തരാവസ്ഥക്കാലത്ത് ജയിലിനുള്ളിൽ രൂപംകൊണ്ട ജനസംഘം - കമ്മ്യൂണിസ്റ്റ് സഖ്യം, ലോകത്തെ ഏക സോഷ്യലിസ്റ്റ് പാർട്ടിയായ കോൺഗ്രസിനെതിരെ രഹസ്യനീക്കം നടത്തുകയാണെന്ന് ജൂനിയർ ലീഡർ കെ.മുരളീധരൻജി പറയുന്നതിൽ കാര്യമില്ലാതില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ വന്നപ്പോൾ സ്വീകരിച്ച മുഖ്യമന്ത്രിയുടെ മുഖലക്ഷണം വിശകലനം ചെയ്താണ് അദ്ദേഹം ഈ നിഗമനത്തിലെത്തിയത്. തൃശൂരിലെ ത്രികോണമത്സരത്തിൽ എൽ.ഡി.എഫിലെ സി.പി.ഐയെ തോല്പിക്കാനുള്ള കള്ളച്ചിരിയാണ് മുഖ്യന്റെയും മോദിയുടെയും മുഖത്ത് കണ്ടതെന്നും കണ്ടുപിടിച്ചു. പക്ഷേ, ടി.എൻ. പ്രതാപൻ ജയിക്കുമോ ഇല്ലയോ എന്നു പറഞ്ഞതുമില്ല. കഴിയുന്നത്ര കോൺഗ്രസുകാർ ലോക്‌സഭയിലേക്കു മത്സരിച്ച് ജയിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. മിടുക്കന്മാർക്കായി താൻ മാറിനില്ക്കാമെന്നും പകരം ഒരു സ്ഥാനവും വേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും കൂടി നിർബന്ധിച്ചാൽ കൊച്ചുകേരളത്തിലെ എവിടെയെങ്കിലും മത്സരിച്ച് നിയമസഭയിൽ എത്തുന്നതിൽ വിരോധമില്ല. കോൺഗ്രസ് ജയിച്ചാൽ സംസ്ഥാനമന്ത്രിയാകാമെന്ന മോഹം കൊണ്ടല്ല ഇത്. 'ഇന്ത്യ മുന്നണി' വലിയ പ്രതീക്ഷയോടെ കാണുന്ന മിടുക്കനായ ടി.എൻ. പ്രതാപൻ കേന്ദ്രമന്ത്രിയാകണമെന്നാണ് ആഗ്രഹം.

സ്വന്തം ആളായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ റെഡ് വോളന്റിയർമാർ വരച്ചവരയിൽ നിറുത്തിയതു കണ്ട് വിരണ്ടുപോയ മോദി, ലോഹ്യം കൂടാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്ന് സഖാക്കൾ പറയാത്ത സ്ഥിതിക്ക് ചില അടിയൊഴുക്കുകൾ ഇല്ലേയെന്ന് മുരളീധരൻ സംശയിക്കുന്നു. ഗവർണറേക്കാൾ ചങ്കനാണ് പിണറായിയെന്ന് മോദി പറയാതെ പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ മൂന്നാം തവണയും കേരളഭരണം സ്വാഹ!. സഖാക്കളും കാവിക്കാരും ലോഹ്യമായാൽ രണ്ടുവഴിക്കും ഇടിക്കു പഞ്ഞമുണ്ടാവില്ല. എല്ലാം ഏറ്റുവാങ്ങാൻ കോൺഗ്രസുകാർ മാത്രമാവും. അടുത്തചങ്ങാതിമാരായ ലീഗുകാരും ഖദറുകാരിലെ റബറുകാരും അപ്പോൾ എവിടെയുണ്ടാകുമെന്ന് അറിയണമെങ്കിൽ കവിടി നിരത്തേണ്ടിവരും. കേരളത്തിൽ നിന്നു തെക്കോട്ട് ഓടിയാൽ കടലിൽ ചാടേണ്ടിവരുമെന്നതിനാൽ യൂത്തൻമാരെ അത്യാവശ്യം വെട്ടും തടയും പഠിപ്പിക്കാനുള്ള പാർട്ടി പ്രസിഡന്റ് കെ.സുധാകര ഗുരുക്കളുടെ തീരുമാനം വളരെ ശരിയാണെന്നും മുരളിജിക്ക് അഭിപ്രായമുണ്ട്. തീരുമാനങ്ങൾ വളരെ വൈകിപ്പോകുന്നതാണ് കുഴപ്പം. കലോത്സവത്തിന് ഒരാഴ്ചമുമ്പ് ഡാൻസും തുള്ളലുമൊക്കെ പാക്കേജ് ആയി പഠിക്കുന്ന രീതി കളരിപ്പയറ്റിലില്ല. മർമ്മത്തിനു പ്രഹരമേറ്റാൽ ശിഷ്ടകാലം സന്യസിക്കേണ്ടിവരും. എന്തായാലും മോദിയുടെ വരവോടെ തൃശൂരിൽ മൂന്നു മുന്നണികളും ഉഷാറായി. സുനിലേട്ടന് ഒരു വോട്ട് എന്ന പരസ്യവാചകവുമായി വി.എസ്. സുനിൽകുമാറിനായി സി.പി.ഐക്കാർ രംഗത്തിറങ്ങി. സി.പി.ഐയിൽ എല്ലാ കാര്യവും കാരണവൻമാർ തന്നെ ചെയ്യണം. വല്യേട്ടന്റെ വീട്ടിൽ ഒരുപാട് പിള്ളേരുണ്ടെങ്കിലും ഇവിടെ അങ്ങനല്ല. കോളേജുകളിൽ എ.ഐ.എസ്.എഫുകാരെ കണ്ടുപിടിക്കാൻ കവിടി നിരത്തേണ്ട അവസ്ഥയായി. അതേസമയം, ജനങ്ങളുടെ ഹൃദയത്തിൽ തന്റെ പേര് കൊത്തിവച്ചിട്ടുള്ളതിനാൽ ജയം ആർക്കെന്ന കാര്യത്തിൽ കോൺഗ്രസിലെ ടി.എൻ.പ്രതാപന് മാത്രം സംശയമില്ല.