
പാലക്കാട്: കല്ലേക്കാട് കനറാ ബാങ്ക് ശാഖ കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ പ്രധാന പ്രതികൾ പാലക്കാട് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിൽ. കർണ്ണാടക സെന്തബന്നൂർ സ്വദേശിയായ രമേഷപ്പ(50), ചിത്ര ദുർഗ സ്വദേശിയായ അശ്വത് നാരായണ(33) എന്നിവരാണ് ഒളിവിൽ കഴിയവേ അറസ്റ്റിലായത്. ഇവരെ പാലക്കാട് കോടതിയിൽ ഹാജരാക്കി. തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ശേഷം കല്ലേക്കാട് കനറാബാങ്കിൽ കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തി. കേസിൽ ഇതിന് മുമ്പ് രണ്ടുപേർ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ജൂലായിലായിരുന്നു സംഭവം. ബാങ്ക് അവധിയായിരുന്ന 15,16 തിയതികളിൽ രാത്രിയാണ് കല്ലേക്കാടുള്ള കനറാബാങ്കിന്റെ ശാഖയിൽ കവർച്ചാശ്രമം നടന്നത്. ജനൽ വഴി അകത്തുകടന്ന പ്രതികൾ പണവും സ്വർണവും മോഷ്ടിക്കാനായി ശ്രമിച്ചു. രണ്ടുദിവസത്തെ പരിശ്രമത്തിലും ബാങ്കിന്റെ ലോക്കർ റൂം തകർക്കാൻ കഴിയാതെ വന്നതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പ്രതികൾ പിടിക്കപ്പെടാതിരിക്കാൻ ബാങ്കിലുണ്ടായിരുന്ന സി.സി. ടി.വി ഹാർഡ് ഡിസ്കാണെന്ന് കരുതി റൂട്ടറും മറ്റും മോഷ്ടിച്ച് കൊണ്ടുപോയി. ആറംഗ സംഘത്തിലെ പ്രതികളിൽ രണ്ടുപേരെ സംഭവം നടന്നതിന്റെ ഒരാഴ്ച്ചയ്ക്കുള്ളിൽ കർണാടകയിൽ വെച്ച് പാലക്കാട് നോർത്ത് പൊലീസ് പിടികൂടിയിരുന്നു. ഇവരെ പിടികൂടിയ വിവരം അറിഞ്ഞ പ്രധാന പ്രതി ഉൾപ്പെടെ മറ്റു പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ഈ കേസിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ പ്രതികളെ ഉടൻ പിടിക്കുന്നതാണെന്ന് പാലക്കാട് നോർത്ത് പൊലീസ് ഇൻസ്‌പെക്ടർ സുജിത്ത് കുമാർ അറിയിച്ചു.