പൊന്നാനി: പൊന്നാനി നഗരത്തിൽ മോഷ്ടാക്കളുടെ വിളയാട്ടം തുടരുന്നു. പൊന്നാനി കൊല്ലൻപടിയിലും നിളയോരപാതയിലും മോഷണം നടന്നതിന് പിറകെ പുഴമ്പ്രം, ബിയ്യം മേഖലകളിലെ ഒൻപത് കടകളിലും ക്ഷേത്രത്തിലും മോഷണം. പുഴമ്പ്രം സഫ സ്റ്റോർ, കവല സൂപ്പർ മാർക്കറ്റ്, ബാറ്ററി സ്റ്റോർ, ബിയ്യം ഷിഹാസ് സ്റ്റോർ, ഹൈബ്രിഡ് ബാറ്ററി സ്റ്റോർ, ഫാമിലി ബേക്കറി, എം.ടി സ്റ്റോർ, ചെറുവായ്ക്കര സ്‌കൂൾ, ഡോർ മെൻസ് വെയർ, പതിയാരത്ത് അമ്പലം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കവല സൂപ്പർ മാർക്കറ്റ്, ഷിഹാസ് സ്റ്റോർ, ഫാമിലി ബേക്കറി , എം.ടി സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് പണമപഹരിച്ചു. പതിനയ്യായിരം രൂപയോളമാണ് ഇവിടെ നിന്നും നഷ്ടമായത്. വ്യാഴാഴ്ച പുലർച്ചെയാണ് വ്യാപക മോഷണം നടന്നത്. കടകളുടെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കടന്നിട്ടുള്ളത്.
കടയ്ക്കുള്ളിൽ പണം സൂക്ഷിക്കരുതെന്ന് പോലീസ് പൊന്നാനിയിൽ മോഷണ പരമ്പര നാലാം ദിവസവും കടന്നതോടെ കനത്ത ജാഗ്രതാ നിർദ്ദേശവുമായി പൊന്നാനി സി.ഐ കടയ്ക്കുള്ളിൽ പണം സൂക്ഷിക്കരുതെന്നും വ്യാപാരികൾ സ്വന്തം നിലയ്ക്കു തന്നെ ജാഗ്രതാ പാലിക്കണമെന്നും സി.ഐ അറിയിച്ചു. മോഷണത്തിനു പിന്നിൽ സമീപകാലത്ത് ജയിലിൽ നിന്നിറങ്ങിയ ഒരു കൂട്ടം മോഷ്ടാക്കളാണ്. ഇവർ വളരെ ആസൂത്രിതമായാണ് മോഷണം നടത്തുന്നത്. ഇവർ പണം മാത്രമാണ് മോഷ്ടിക്കുന്നത്. മോഷ്ടാക്കളെ പിടികൂടാൻ പരിശോധന കർശനമാക്കിയതായും പൊലീസ് അറിയിച്ചു.