sajid-

പഴയങ്ങാടി:മുക്കുപണ്ടം ബാങ്കിൽ പണയം വച്ച് 13,82,000 രൂപ തട്ടിയെടുത്ത കേസിൽ കൂട്ടു പ്രതിയായ ചെറുകുന്ന് പള്ളിക്കര സ്വദേശി കെ.സാജിദിനെ (50 പഴയങ്ങാടി സി.ഐ. ടി.എൻ.സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു.പഴയങ്ങാടിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാഖയിൽ ഇടപാടിനായി എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എത്തി ഈയാളെ അറസ്റ്റുചെയ്തത്.

കേസിലെ ഒന്നാം പ്രതി കടന്നപ്പള്ളി ചന്തപ്പുര സുഹറാസിലെ മുഹമ്മദ് റിഫാസിനെ(36) എറണാകുളത്ത് വച്ച് പഴയങ്ങാടി എസ്.ഐ.രൂപാ മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു .ഇയാൾ ഇപ്പോൾ റിമാൻഡിലാണ് . ഫെഡറൽ ബാങ്ക് പഴയങ്ങാടി ശാഖ സീനിയർ മാനേജർ വി.ഹരിയുടെ പരാതിയിലാണ് കേസെടുത്തത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ സാജിദിനെ റിമാൻഡ് ചെയ്തു.

2022ൽ ഒക്ടോബർ 20 മുതൽ കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നു വരെ വിവിധ ദിവസങ്ങളിലായി എട്ടുതവണയാണ് റിഫാസ് 41.2പവൻ തൂക്കത്തിൽ മുക്കുപണ്ടം പണയം വച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. മാല,വള,ബ്രേസ് ലൈറ്റ് തുടങ്ങിയവയായിരുന്നു ഉരുപ്പടികൾ.കാലാവധിയായിട്ടും സ്വർണം തിരിച്ചെടുക്കാത്തതിനെ ത്തുടർന്ന് പരിശോധിച്ചപ്പോളാണ് വ്യാജ സ്വർണമാണെന്ന് കണ്ടെത്തിയത്. സ്വർണ്ണം പൂശിയ ആഭരണങ്ങൾ റിഫാസിന് എത്തിച്ചു നൽകിയത് ഇന്നലെ പിടിയിലായ ചെറുകുന്ന് പള്ളിക്കര സ്വദേശി സാജിദാണ് .