
മുഖ്യമന്ത്രി പിണറായി വിജയന്റെ കളരി. കെ.പി.സി.സി പ്രസിഡന്റിന്റെ തട്ടകം. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഇരുമുന്നണികളുടെയും അഭിമാനത്തിന്റെ കാര്യം. കെ. സുധാകരൻ വീണ്ടും മത്സരിക്കുമോ എന്ന് ഇനിയും തീർച്ചയായില്ല. മത്സരരംഗത്തു നിന്ന് മാറിനിന്നേക്കുമെന്ന് ഉറ്റ അനുയായികൾ പോലും പറയുന്നു. അതേ സമയം ഹൈക്കമാൻഡ് സമ്മർദ്ദമുണ്ടായാൽ വീണ്ടും സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനയുമുണ്ട്. കോൺഗ്രസിനെപ്പോലെ ഇക്കാര്യത്തിൽ സുധാകരന്റെ നിലപാട് സി.പി.എമ്മും ഉറ്റുനോക്കുന്നു.
കണ്ണൂർ കോട്ട പിടിക്കാൻ കരുത്തുറ്റ സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നതിന് എതിർ സ്ഥാനാർത്ഥിയുടെ ചിത്രം തെളിയാൻ സി.പി.എം കാത്തുനിന്നേക്കും. സ്ഥാനാർത്ഥി നിർണയത്തിന്റെ ക്ലൈമാക്സിൽ മാത്രമേ കണ്ണൂർ ഗോദയിൽ ആരൊക്കെയെന്ന് വ്യക്തമാകൂ. മുൻ മന്ത്രി കെ.കെ. ശൈലജ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, മുൻ എം.പി: പി.കെ. ശ്രീമതി എന്നിവരുടെ പേരുകളാണ് ചർച്ച ചെയ്യപ്പെടുന്നത്. കെ. സുധാകരൻ സ്ഥാനാർത്ഥിയാവുകയാണെങ്കിൽ കെ.കെ. ശൈലജയുടെ പേരിനാണ് മുൻതൂക്കം. കഴിഞ്ഞ തവണത്തെ പോരാട്ടത്തിന്റെ തനിയാവർത്തനമായി പി.കെ. ശ്രീമതി വീണ്ടും രംഗത്തു വരാനും സാദ്ധ്യതയുണ്ട്.
കെ. സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ അരഡസനിലധികം പേരുകളാണ് കോൺഗ്രസിന്റെ സാധ്യതാ ലിസ്റ്റിലുള്ളത്. കെ.പി.സി.സി. ജനറൽ സെക്രട്ടറിയും കെ. സുധാകരന്റെ ഏറ്റവും അടുപ്പക്കാരനുമായ കോഴിക്കോട് സ്വദേശി കെ. ജയന്തിന്റെ പേര് സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ മുറുമുറുപ്പുകളുയർന്നു തുടങ്ങിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാക്കളായ റിജിൽ മാക്കുറ്റി, വി.പി. അബ്ദുൾ റഷീദ്, എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്, അമൃത രാമകൃഷ്ണൻ, അടുത്തിടെ മേയർ സ്ഥാനമൊഴിഞ്ഞ അഡ്വ. ടി.ഒ. മോഹനൻ തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്.
കണ്ണൂർ കോൺഗ്രസിൽ എതിരാളികളില്ലാത്ത സ്വരമാണ് കെ.സുധാകരന്റേത്. എന്നാൽ സുധാകരന്റെ നോമിനിയായി കണക്കാക്കപ്പെടുന്ന കെ. ജയന്തിനെതിരെ ഗ്രൂപ്പ് ഭേദമെന്യേ കണ്ണൂരിലെ കോൺഗ്രസുകാർ രംഗത്തുണ്ട്. കേരളത്തിൽ നിന്ന് കോൺഗ്രസിനുള്ള ലോക്സഭാ എം.പിമാരിൽ ഒരു മുസ്ലിം ന്യൂനപക്ഷ അംഗം പോലുമില്ലെന്നത് പാർട്ടിക്കുള്ളിലും മുന്നണിയിലും ചർച്ചയാണ്. അതിനാൽ കണ്ണൂർ സീറ്റോ രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റോ മുസ്ലിം സ്ഥാനാർത്ഥിക്ക് നൽകേണ്ടിവരും. ആ സാദ്ധ്യതയാണ് കണ്ണൂർ സ്വദേശി കൂടിയായ ഷമയുടെ പ്രതീക്ഷ.
അതേസമയം മൂന്നാം സീറ്റിനു പരിശ്രമിക്കുന്ന മുസ്ലീം ലീഗും കണ്ണൂർ സീറ്റ് ലക്ഷ്യംവയ്ക്കുന്നുണ്ട്. കെ.എം. ഷാജി സ്ഥാനാർത്ഥിയായാൽ കടുത്ത പോരാട്ടം നടത്താമെന്ന് അവർ പറയുന്നു. കെ. മുരളീധരനെ വടകരയിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും കോൺഗ്രസ് അണികൾ ഉന്നയിക്കുന്നു. കോൺഗ്രസും സി.പി.എമ്മും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലാണ് കാലങ്ങളായി കണ്ണൂരിൽ നടക്കാറുള്ളതെങ്കിലും കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് വോട്ട് വർദ്ധിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ മത്സരിച്ച അന്നത്തെ കോൺഗ്രസ് നേതാവായിരുന്ന സി. രഘുനാഥ് ഇക്കുറി ബി.ജെ.പി സ്ഥാനാർത്ഥിയായേക്കും. കെ. സുധാകരനും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ കലഹിച്ച് പാർട്ടിവിട്ട സി.സി.സി സെക്രട്ടറിയായിരുന്ന സി. രഘുനാഥ് ഇപ്പോൾ ബി.ജെ.പി ദേശീയ കൗൺസിൽ അംഗമാണ്.
പറയാൻ
ഏറെ
ഗ്രാമീണറോഡ് വികസനമാണ് പ്രധാനം. കണ്ണൂർ വിമാനത്താവളത്തിന്റെ കാര്യത്തിലും റെയിൽവേ വികസനത്തിലും നിർണായക ഇടപെടൽ നടത്തി. എയർപോർട്ടിനെ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റായി പരിഗണിപ്പിക്കാനായി. ദേശീയപാതാ നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിച്ചു.
- കെ. സുധാകരൻ എം.പി.
കിട്ടിയതു
പോലും...
കേന്ദ്രം നേരിട്ടു നടപ്പാക്കിയ വികസനം മാത്രമാണ് കണ്ണൂരിലുണ്ടായത്. എം.പിയുടെ കൈയൊപ്പുള്ള ഒരു പദ്ധതിയുമില്ല. എം.പി ഫണ്ട് പോലും കൃത്യമായി ചെലവഴിക്കാൻ സാധിച്ചിട്ടില്ല. വിവിധ പദ്ധതികൾക്ക് കേന്ദ്രം അനുവദിച്ച തുക പൂർണമായി വിനിയോഗിച്ചില്ല. ഭരണാധികാരി എന്ന നിലയിൽ സുധാകരൻ പരാജയമാണ്.
- എൻ. ഹരിദാസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ്
വലിയ
കുറ്റം
എം.പി.യുടെ പ്രകടനം ദയനീയം. സ്വകാര്യബില്ല് അവതരിപ്പിക്കുന്നതിൽ വട്ടപ്പൂജ്യം. വികസന കാരത്തിൽ പ്രാദേശിക ഫണ്ടിൽ ചെലവഴിച്ചത് 27 ശതമാനം മാത്രം. 73 ശതമാനവും ബാക്കിയാണ്. ഫണ്ട് ലാപ്സാക്കിയ എം.പി ജില്ലയോടു ചെയ്തത് വലിയ കുറ്റമാണ്. പൊതുപ്രശ്നങ്ങളിലൊന്നും സുധാകരനെ കാണാൻ കഴിയാറില്ല.
- എം.വി. ജയരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി
2019 ലെ വോട്ട്
കെ. സുധാകരൻ (കോൺഗ്രസ്): 5,29,741
പി.കെ. ശ്രീമതി (സി.പി.എം): 4,35,182
സി.കെ. പത്മനാഭൻ (ബി.ജെ.പി): 68,509