
കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ കരുത്തിൽ ലോകചരിത്രം മാറ്റിക്കുറിച്ച സോവിയറ്റ് വിപ്ലവകാരി വ്ലാഡിമിർ ഇല്ലിച്ച് ലെനിന്റെ വിയോഗത്തിന് നാളെ നൂറ് വർഷം തികയുന്നു. മുതലാളിത്തത്തോടും ഫാസിസത്തോടും ചെറുത്തുനിന്ന്, മനുഷ്യന്റെ മോചനത്തിന് മനുഷ്യൻ തന്നെ സൃഷ്ടിച്ച മഹാപ്രസ്ഥാനമായ കമ്മ്യൂണിസത്തിലൂടെ ലോകത്തിന്റെ വിപ്ലവസ്വപ്നങ്ങൾക്ക് ചുവപ്പൻ നിറം പകർന്ന പ്രക്ഷോഭകാരി. നൂറ്റാണ്ടുകളായി റഷ്യയെ സാമ്രാജ്യമാക്കിയ സാർചക്രവർത്തി വംശത്തിന്റെ കിരാതഭരണത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത ഒക്ടോബർ വിപ്ലവത്തിന്റെ അമരക്കാരൻ. ഭൂവുടമകളുടെയും പ്രഭുക്കന്മാരുടെയും തേർവാഴ്ചയിൽ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കെടുതികൾ അനുഭവിച്ച കർഷകരെയും തൊഴിലാളികളെയും സ്വാതന്ത്ര്യത്തിന്റെയും വിപ്ലവത്തിന്റെയും പോരാളികളാക്കിയ ജനനായകൻ.
സോവിയറ്റ് യൂണിയൻ എന്ന വൻശക്തിക്ക് രൂപം നൽകിയ ക്രാന്തദർശി. സോവിയറ്റ് റഷ്യയുടെ ആദ്യ ഭരണാധികാരി. കമ്മ്യൂണിസത്തിൽ ലെനിനിസം എന്ന പ്രത്യയശാസ്‌ത്ര ശാഖയുടെ ഉപജ്ഞാതാവ്. തൊഴിലാളിവർഗ്ഗ സർവാധിപത്യം എന്നത് എല്ലുമുറിയെ പണിയെടുക്കുന്ന ജനതയുടെ മുദ്രാവാക്യമാക്കിയ മനുഷ്യസ്നേഹി. വിപ്ലവത്തിന്റെ പാതയിൽ പലതവണ വധശ്രമങ്ങളെ അതിജീവിച്ച ധീരനായ പോരാളി. മൂന്ന് തവണ വെടിയേറ്റു. മൂന്നാമത്തെ പക്ഷാഘാതത്തെ ലെനിൻ അതീജീവിച്ചില്ല. 1870 ഏപ്രിൽ 22ന് ജനിച്ച ലെനിൻ 1924 ജനുവരി 21ന് വിടപറഞ്ഞു. 54വയസ് തികയും മുമ്പേ മരണം. ഒരു നൂറ്റാണ്ടായിട്ടും ആ ജീവിതം ഓർമ്മിക്കപ്പെടുന്നു. ലെനിൻ ചിരസ്‌മരണയാണ്.