
യാതൊരു പാടുകളുമില്ലാത്ത തിളക്കമുളള മുഖമാണോ നിങ്ങളുടെ ആഗ്രഹം. ഭക്ഷണത്തിലുണ്ടാകുന്നതും കാലാവസ്ഥയിലുണ്ടാകുന്നതുമായ മാറ്റങ്ങളായിരിക്കാം മുഖത്തെ കറുത്ത പാടുകൾക്കും കുരുക്കൾക്കും കാരണം. ഇത് ചിലപ്പോഴെങ്കിലും പലരുടെയും ആത്മവിശ്വാസം തകർക്കാൻ കാരണമായേക്കാം. ഹോസ്റ്റലിൽ താമസിക്കുന്നവർക്കായിരിക്കാം ഈ അവസ്ഥ കൂടുതലായി ഉണ്ടാകാൻ സാദ്ധ്യത.
വിപണികളിൽ നിന്നും ലഭിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കളിലൂടെയായിരിക്കും മിക്കവരും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത്. എന്നാൽ കൃത്യമായ നിർദ്ദേശം കൂടാതെയാണ് ഇത്തരത്തിലുളള ഉൽപ്പന്നങ്ങൾ മുഖത്ത് പ്രയോഗിക്കുന്നതെങ്കിൽ മുഖത്തെ ചർമ്മത്തിന്റെ സ്വാഭാവികത തന്നെ നഷ്ടപ്പെടുന്നതാണ്. നിരാശപ്പെടാതെ തന്നെ പ്രതിവിധി വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ഹോസ്റ്റലിൽ താമസിക്കുന്നവർക്കും ഇത് എളുപ്പത്തിൽ ചെയ്യാവുന്നതാണ്. മുഖത്തെ കറുത്ത പാടുകളും കുരുക്കളും വെറും ഏഴ് ദിവസം കൊണ്ട് പരിഹരിക്കാൻ നാച്വറൽ ഫേസ് പാക്ക് തയ്യാറാക്കിയാലോ.
ഫേസ് പാക്ക് തയ്യാറാക്കാനായി പ്രധാനമായും ആവശ്യമായ രണ്ട് സാധനങ്ങളാണ് പെരുംജീരകവും ഗ്രാമ്പുവും. ഒരു ടീസ്‌പൂൺ പെരുംജീരകവും പൂവുളള നാല് ഗ്രാമ്പുവിന്റെ തണ്ടും ചെറുതീയിൽ ചൂടാക്കിയെടുക്കുക. ശേഷം ഇതിനെ നന്നായി പൊടിച്ചെടുക്കുക. ഇങ്ങനെ ലഭിക്കുന്ന പൊടിയെ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഇങ്ങനെ തയ്യാറാക്കി വച്ചിരിക്കുന്ന പൊടിയിലേക്ക് ഒരു ടീസ്‌പൂൺ തൈരും അര ടീസ്‌പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
മുഖത്ത് പുരട്ടേണ്ട വിധം
തയ്യാറാക്കിയ പാക്ക് പുരട്ടുന്നതിന് മുൻപ് ചെറിയ ചൂടുളള വെളളം ഉപയോഗിച്ച് മുഖം കഴുകുന്നത് കൂടുതൽ ഗുണം ചെയ്യും. ശേഷം മുഖത്ത് കറുത്ത പാടുകളും കുരുക്കളുമുളള ഭാഗങ്ങളിൽ പുരട്ടുക.പാക്ക് രാത്രി സമയങ്ങളിൽ പുരട്ടുന്നതാണ് ഉത്തമം. ഇങ്ങനെ ഏഴ് ദിവസം ചെയ്യുകയാണെങ്കിൽ മുഖത്തെ എല്ലാ പാടുകളും മാറി തിളക്കമുളളതായി മാറുന്നതാണ്.