
അബ്രഹാം ഓസ്‌ലർ നേടുന്ന വിജയത്തിലൂടെ പുതുവർഷത്തിൽ പൊലീസ് ത്രില്ലർ ചിത്രങ്ങളുടെ നിര ആരംഭിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഫെബ്രുവരിയിലും തുടർമാസങ്ങളിലും പൊലീസ് ത്രില്ലർ ചിത്രങ്ങൾ എത്തുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.ടൊവിനോതോമസ് ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും ആക്ഷൻ പശ്ചാത്തലമാക്കി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. ഒരു കൊലപാതകവും തുടർ അന്വേഷണവുമാണ് പ്രമേയം. നവാഗതനായ ഡാർവിൻ കുര്യക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജിനു വി. എബ്രഹാമിന്റേതാണ് തിരക്കഥയും സംഭാഷണവും.ഫെബ്രുവരി 9ന് ചിത്രം റിലീസ് ചെയ്യും.
ബിജു മേനോൻ പ്രധാനവേഷത്തിൽ എത്തുന്ന തുണ്ട് പൊലീസ് കഥയാണ് പറയുന്നത്. നവാഗതനായ റിയാസ് ഷെരീഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഏറെ വ്യത്യസ്തത നിറഞ്ഞ പൊലീസ് കഥയാണ് പറയുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ, ജിംഷി ഖാലിദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 16ന് തിയേറ്ററുകളിൽ എത്തും.
ആസിഫ് അലി - ബിജുമേനോൻ കൂട്ടുകെട്ടിൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് ജിസ്ജോസ് സംവിധാനം ചെയ്യുന്ന തലവൻ. നേർക്കുനേർ പോരടിക്കുന്ന പൊലീസ് കഥാപാത്രങ്ങളായാണ് ബിജു മേനോനും ആസിഫ് അലിയും എത്തുന്നത്. മലബാറിലെ നാട്ടിൻപുറത്തിന്റെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ദിലീഷ് പോത്തനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അബ്രഹാം ഓസ്‌ലർ മികച്ച വിജയം നേടുന്നതിനാൽ ഇനിയും പൊലീസ് കുറ്റാന്വേഷണ ചിത്രങ്ങളുടെ നിരതന്നെയുണ്ടാവുമെന്നാണ് പ്രതീക്ഷ.
ഈ വിജയം മലയാള സിനിമയ്ക്കു നൽകുന്ന ഉൗർജ്ജം വലുതാണ്.