pic

ന്യൂയോർക്ക്: യു.എസിൽ ആകാശത്ത് വച്ച് വിമാനത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാത്രി മയാമിയിൽ നിന്ന് പോർട്ടോ റീകോയിലെ സാൻ ഹ്വാനിലേക്ക് പോയ അ​റ്റ്ലസ് എയറിന്റെ ബോയിംഗ് 747 - 8 ചരക്കു വിമാനത്തിന്റെ എൻജിനിലാണ് തീപിടിച്ചത്.

വിമാനത്തിന്റെ ഇടതുചിറകിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തന്നെ അടിയന്തര ലാൻഡിംഗ് നടത്തിയതിനാൽ അപകടം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരും സുരക്ഷിതരാണ്. എൻജിന് മുകളിലായി ഒരു ദ്വാരം കണ്ടെത്തി. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചു.

അടുത്തിടെ,​ യു.എസിലെ ഒറിഗണിൽ 16,000 അടി ഉയരത്തിൽ വച്ച് ബോയിംഗ് 737 മാക്സ് 9 വിമാനത്തിന്റെ ജനൽ അടക്കമുള്ള ഭാഗം അടർന്നുമാറിയിരുന്നു. 177 യാത്രക്കാരുമായി അടിയന്തര ലാൻഡിംഗ് നടത്തിയതിനാലാണ് അന്ന് വൻ അപകടം ഒഴിവായത്. സംഭവത്തെ തുടർന്ന് യു.എസിൽ സുരക്ഷാ പരിശോധനകൾക്കായി ബോയിംഗ് 737 മാക്സ് 9 വിമാനങ്ങളുടെ സർവീസ് താത്കാലികമായി നിറുത്തിവച്ചിരുന്നു.