sneha-varnangal-group

കാൻസർ ബാധിതരായ കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സ്നേഹ വർണക്കൂട്ടൊരുക്കി 121 അമ്മമാർ. 'കലയിലൂടെ കരുതൽ' എന്ന ലക്ഷ്യത്തോടെ സ്നേഹ വർണങ്ങൾ' എന്ന സ്ത്രീ കൂട്ടായ്മയാണ് ലളിതകല അക്കാ‌ഡമി ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്. ചിത്രം വിറ്റ് കിട്ടുന്ന തുക കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കുരുന്നുകൾക്കായുള്ള സ്നേഹസ്പർശം പദ്ധതിയ്ക്കായി കൈമാറും.

കലയെ ജീവകാരുണ്യത്തിനായി നീക്കിവെച്ച ഈ അമ്മമാർ ഇക്കാലയളവിൽ പ്രദർശനങ്ങൾ വഴി കിട്ടിയ പണം ഉപയോഗിച്ച് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തുന്ന കുട്ടികൾക്കായി പാർക്ക് നിർമ്മിച്ചു നൽകിയിരുന്നു. കാൻസർ വാർഡിലെ കുട്ടികൾക്ക് ടിവി, പ്രൊജക്ടർ, പഠനോപകരണങ്ങൾ, പുസ്തകങ്ങൾ ബെഡ്ഷീറ്റുകൾ തുടങ്ങിയവയും നൽകി.

കേരളത്തിനകത്തും പുറത്തുമുള്ള 121 സ്ത്രീകളുടെ അക്രലിക്, ജലച്ഛായം തുടങ്ങിയവയിൽ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. 2000 രൂപ മുതൽ ഒന്നര ലക്ഷം രൂപവരെ വില വരുന്ന ചത്രങ്ങളുണ്ട്. പ്രദർശനം രണ്ട് ദിവസം പിന്നിട്ടപ്പോൾ 25 ചിത്രങ്ങളാണ് വിറ്റഴിഞ്ഞത്.

10 വീട്ടമ്മമാരുമായി 2013ൽ തുടങ്ങിയതാണ് ചിത്ര പ്രദർശനം. 2013 ജനുവരിയിൽ ആർട്ട് ഗാലറിയിൽ ആദ്യ പ്രദർശനം നടത്തി നന്മയുടെ വഴി തുറന്നു. വിവിധ മേഖലകളിലെ വനിതകളാണ് ആർട്ട് ഗാലറിയിലെ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തത്. കഴിയാവുന്നത്ര ചിത്രങ്ങൾ വിൽപ്പന നടത്തി നല്ലൊരു തുക ഈ കുരുന്നുകൾക്ക് നൽകണമെന്നാണ് കൂട്ടായ്മയുടെ ആഗ്രഹം. 21 വരെയാണ് പ്രദർശനം നടക്കുന്നത്.