
ഗുവാഹത്തി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരേ കേസെടുത്ത് അസാം പൊലീസ്. സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് ജോർഹട് പൊലീസ് കേസെടുത്തത്. യാത്രയ്ക്ക് അനുവദിച്ച റൂട്ടിലല്ല സഞ്ചരിച്ചതെന്നും മുൻകൂട്ടി അറിയിക്കാതെ റൂട്ട് മാറ്റിയെന്നുമാണ് കേസ്. യാത്ര
ഗതാഗതം താറുമാറാക്കിയെന്നും ബാരിക്കേഡുകൾ മറികടന്ന് ജനങ്ങൾ പൊലീസിനെ ആക്രമിക്കുന്നതിനുള്ള സാഹചര്യമൊരുക്കിയെന്നും പോലീസ് പറയുന്നു. പ്രദേശത്ത് കലാപ സമാനമായ അന്തരീക്ഷമുണ്ടായി. സംഘാടകർ ജനങ്ങളെ ഇളക്കിവിടുന്നതിന് ഗൂഢാലോചന നടത്തിയെന്നും പൊലീസ് അറിയിച്ചു. അതേസമയം, നിയമം ലംഘിച്ചിട്ടില്ലെന്നും യാത്ര മുടക്കാനുള്ള ഹിമന്ത സർക്കാരിന്റെ നടപടിയാണിതെന്നും കോൺഗ്രസ് അറിയിച്ചു. മുൻനിശ്ചയിച്ച പ്രകാരം
രാഹുൽ ഇന്നലെ പര്യടനം തുടർന്നു.
ന്യായ് യാത്ര ഗുവാഹത്തി നഗരത്തിൽ പ്രവേശിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. നഗരത്തിൽ ആശുപത്രികളും സ്‌കൂളുകളുമുണ്ട്. പ്രശ്നങ്ങൾ ഉണ്ടാകും എന്നതിനാൽ ബി.ജെ.പി പോലും ഗുവാഹത്തി നഗരത്തിൽ പരിപാടികൾ സംഘടിപ്പിക്കാറില്ല. രാഹുൽ നഗരത്തിൽ കടന്നാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പറഞ്ഞിരുന്നു. ഈമാസം
25 വരെയാണ് അസാമിൽ രാഹുലിന്റെ പര്യടനം. ശിവസാഗർ ജില്ലയിൽ നടന്ന പൊതുപരിപാടിയിൽ അസാം സർക്കാരിനെതിരേ രാഹുൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ വലിയ അഴിമതി സർക്കാരാണ് ഇവിടെയുള്ളതെന്നും പൊതുമുതൽ മോഷ്ടിക്കുകയും വിദ്വേഷം പരത്തുകയുമാണ് ബി.ജെ.പിയും ആർ.എസ്.എസും ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു.
ദ്വീപിൽ യാത്ര
ഇന്നലെ ജോർഹട്ട് ജില്ലയിലെ നിമതിഘട്ടിൽ നിന്ന് ഏറ്റവും ജനവാസമുള്ള നദീ ദ്വീപായ അഫലമുഖ് ഘട്ടിലേക്കുള്ള ബോട്ട് സവാരിയോടെയാണ് ന്യായ് യാത്ര ആരംഭിച്ചത്. ബ്രഹ്മപുത്ര തീരത്ത് പരിസ്ഥിതി പ്രവർത്തകരുമായും മറ്റ് പ്രമുഖരുമായും രാഹുൽ സംവദിച്ചു. കൃത്യമായ പഠനമില്ലാതെ ഡാമുകൾ നിർമ്മിച്ചതിലെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ചർച്ച ചെയ്തു. അസാമിൽ മാത്രം 17 ജില്ലകളിലാണ് യാത്ര നടത്തുക. ഗോഗമുഖിൽ പൊതുസമ്മേളനത്തെ രാഹുൽ അഭിസംബോധന ചെയ്തു.