ബംഗളൂരു: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ, ആന്ധ്രയിൽ സമഗ്ര ജാതി സെൻസസ് നടപ്പാക്കാൻ തീരുമാനം. സെൻസസിനുള്ള നടപടികൾ ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ. ഡോ. ബി ആർ അംബേദ്കറിന്റെ, ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമ ഉദ്ഘാടനം ചെയ്‌ത ഇന്നലെ തീരുമാനം വന്നതും ശ്രദ്ധേയമാണ്.
ഗ്രാമ സെക്രട്ടേറിയറ്റ് വഴിയാകും സെൻസസ് വിവരശേഖരണം. ഇതിനായി സന്നദ്ധപ്രവർത്തകരെ നിയമിക്കും. കഴിഞ്ഞ ഏപ്രിലിൽ ജാതി, ജനസംഖ്യാ സെൻസസുകൾ ഒരുമിച്ച് നടത്തണമെന്ന് ആന്ധ്ര നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസർക്കാരിന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി കത്തും നൽകി. കേന്ദ്രം ഉടനെ ജാതിസെൻസസ് നടപ്പാക്കില്ല എന്നുറപ്പായതോടെയാണ് തീരുമാനമെന്ന് ജഗൻമോഹൻ വ്യക്തമാക്കി.