
കറാച്ചി: ഇറാനിൽ നടത്തിയ മിസൈലാക്രമണത്തിൽ പാകിസ്ഥാൻ വധിച്ചത് സ്വന്തം പൗരന്മാരെ തന്നെയെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ ഇറാനിലെ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ ഭീകരഗ്രൂപ്പുകളുടെ ഏഴ് താവളങ്ങളാണ് പാകിസ്ഥാൻ ആക്രമിച്ചത്.
മൂന്ന് സ്ത്രീകളും നാല് കുട്ടികളുമടക്കം പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. ഇവരെല്ലാം പാക് പൗരന്മാരാണെന്ന് ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇവർ എങ്ങനെ അതിർത്തി കടന്നെത്തി എന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ചില പ്രാദേശിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആക്രമണങ്ങൾക്ക് പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി മുന്നറിയിപ്പ് നൽകി. പാകിസ്ഥാനെതിരെ ' യുദ്ധം ' പ്രഖ്യാപിക്കുന്നതായും പ്രതികാരം ചെയ്യുമെന്നും അറിയിച്ചു.
ഇതിനിടെ, അതിർത്തിയിൽ പിരിമുറുക്കം രൂക്ഷമാകുന്നതിനിടെ ഇന്നലെ തെക്കു - പടിഞ്ഞാറൻ ഖുസെസ്താൻ പ്രവിശ്യയിലെ അബദാൻ മുതൽ തെക്കു - കിഴക്കൻ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചബഹാർ വരെ 6,00,000 ചതുരശ്ര കിലോമീറ്റർ പരിധിയിൽ ഇറാന്റെ റെവലൂഷണറി ഗാർഡ് എയർഫോഴ്സും നേവിയും ചേർന്ന് സൈനികാഭ്യാസം നടത്തി.
ശത്രു മിസൈലുകളെ തകർക്കാൻ ശേഷിയുള്ള ഡ്രോണുകളടക്കം പങ്കെടുത്തു. പിന്നാലെ, രാജ്യത്തെ എയർലൈനുകൾ ഇറാന്റെ വ്യോമപാത ഒഴിവാക്കണമെന്ന് പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ജയ്ഷ് അൽ അദ്ൽ ഭീകരകേന്ദ്രങ്ങളിൽ ചൊവ്വാഴ്ച ഇറാന്റെ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ഇറാനിൽ പാകിസ്ഥാൻ തിരിച്ചടി നടത്തിയത്.
യു.എസ് ഉപദേശം ?
ഇറാനിൽ മിസൈലാക്രമണം നടത്തുന്നതിന് മുമ്പ് പാകിസ്ഥാൻ യു.എസുമായി ആലോചിച്ചുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കാതെ വൈറ്റ്‌ഹൗസ്. സ്വകാര്യ സംഭാഷണങ്ങളെ പറ്റി ഒന്നും പറയാൻ ഇല്ലെന്ന് കാട്ടി പതിവ് വാർത്താ സമ്മേളനത്തിനിടെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ ഒഴിഞ്ഞുമാറി.
മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ യു.എസ് ആശങ്കാകുലരാണെന്നും എല്ലാ ഭാഗത്തുനിന്നും സംയമനം പാലിക്കണമെന്നും മില്ലർ പറഞ്ഞു.