p

കോച്ചിംഗ് കേന്ദ്രങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുതുക്കിയ ചട്ടങ്ങൾ പുറത്തിറക്കി. കോച്ചിംഗ് കേന്ദ്രങ്ങൾ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കാനുതകുന്ന നിർദ്ദേശങ്ങളാണ് പുതിയ നിയമാവലിയിലുള്ളത്. 'ഗൈഡ്ലൈൻസ് ഫോർ റെഗുലേഷൻ ഒഫ് കോച്ചിംഗ് സെന്റർ' എന്ന പേരിൽ ഇത് പുറത്തിറങ്ങി. സംസ്ഥാനങ്ങൾക്ക് നടപ്പിൽ വരുത്താനായി നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്. ഇതനുസരിച് കോച്ചിംഗ് കേന്ദ്രങ്ങൾക്ക് അശാസ്ത്രീയ രീതിയിൽ ഇഷ്ടം പോലെ പ്രവർത്തിക്കാൻ സാദ്ധ്യമല്ല. അവയ്ക്ക് രജിസ്‌ട്രേഷൻ ആവശ്യമാണ്.ആവശ്യത്തിന് സ്ഥലസൗകര്യവും മറ്റു ഭൗതിക സൗകര്യങ്ങളും ഒരുക്കണം. ഫീസ് ഘടനയിലും നിയന്ത്രണമുണ്ട്. അദ്ധ്യാപകരുടെ കുറഞ്ഞ യോഗ്യത ബിരുദമായിരിക്കണം. 16 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകരുത്. കോച്ചിംഗ് കേന്ദ്രങ്ങൾ വിദ്യാർത്ഥികളുടെ ആരോഗ്യം, മാനസികാരോഗ്യം, എന്നിവ വിലയിരുത്തണം.

അംഗീകാരമില്ലാത്ത കോച്ചിംഗ് കേന്ദ്രങ്ങളുടെ എണ്ണത്തിലുള്ള വർദ്ധനവ്, ഭീമമായ ഫീസ്, പ്രലോഭിപ്പിക്കുന്ന വാഗ്ദാനങ്ങൾ, വർദ്ധിച്ചു വരുന്ന ആത്മഹത്യ, സുരക്ഷാ ഭീഷണി എന്നിവയാണ് കേന്ദ്ര സർക്കാരിനെ നിയന്ത്രണമേർപ്പെടുത്താൻ പ്രേരിപ്പിച്ചത്. രാജസ്ഥാനിലെ കോട്ടയിൽ മാത്രം 2023 ൽ 26 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയൊന്നിന് ക്ലാസ്സിൽ ഒരു ചതുരശ്ര മീറ്റർ എന്ന തോതിൽ സ്ഥലം ഏർപ്പെടുത്തണം. ചട്ടം ലംഘിക്കുന്നവർക്ക് തുടക്കത്തിൽ 25000 രൂപയും, രണ്ടാം തവണ ഒരു ലക്ഷം രൂപയുമാണ് പിഴ. തുടർന്ന് രജിസ്‌ട്രേഷൻ റദ്ദാക്കും. നിദേശങ്ങൾ രക്ഷിതാക്കൾ പൊതുവേ സ്വാഗതം ചെയ്തുവരുന്നു.

കോച്ചിംഗ് കേന്ദ്രങ്ങളുടെ മേൽ ഏർപ്പെടുത്തിയ നിയന്ത്രണം പൊതുവേ സ്വാഗതാർഹമാണെങ്കിലും, 16 വയസ്സിനു താഴെയുള്ളവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും. നീറ്റ്, ജെ.ഇ.ഇ(മെയിൻ), അഡ്വാൻസ്‌ഡ്, ഡിസൈൻ, സി.യു.ഇ.ടി, ക്ലാറ്റ്, എൻജിനിയറിംഗ് പ്രവേശന പരീക്ഷകളാണ്. കൂടുതൽ വിദ്യാർത്ഥികൾ എഴുതുന്ന പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാനുള്ള പരീക്ഷകളിലാണ് കടുത്ത മത്സരം നിലനിൽക്കുന്നത്. പ്രതിവർഷം 21 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ്‌ നീറ്റ് പരീക്ഷയെഴുതുന്നത്. ജെ.ഇ.ഇ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ 14 ലക്ഷത്തിലധികമാണ്. എം.ബി.ബി.എസ്, എൻജിനിയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കാണ് കടുത്ത മത്സരപരീക്ഷ നിലവിലുള്ളത്. ഇത് വിലയിരുത്തി രാജ്യത്ത് ആയിരക്കണക്കിനു കോച്ചിംഗ് കേന്ദ്രങ്ങളാണ് വർഷംതോറും ആരംഭിക്കുന്നത്.

കടുത്ത മത്സരം വിലയിരുത്തി ചില കോച്ചിംഗ് കേന്ദ്രങ്ങൾ എട്ടാം ക്ലാസ് മുതൽ ഇത്തരം പ്രവേശന പരീക്ഷയ്ക്കുള്ള കോച്ചിംഗ് ആരംഭിക്കുന്നു. കേരളത്തിലെ എല്ലാ കോച്ചിംഗ് കേന്ദ്രങ്ങളും പത്താം ക്ലാസ്സിനുശേഷം 11, 12 ക്ലാസ്സുകളിൽ ഊർജ്ജിത കോച്ചിംഗ് നൽകിവരുന്നു. പുതിയ നിയമമനുസരിച് കേരളത്തിലെ വിദ്യാർത്ഥികളിലേറെയും 16 വയസ്സ് പൂർത്തിയാക്കുന്നത് പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴായതിനാൽ പത്താം ക്ലാസ്സിനുശേഷമുള്ള ആദ്യവർഷ കോച്ചിംഗിനെ ഇത് പ്രതികൂലമായി ബാധിക്കാനിടയുണ്ട്. എന്നാൽ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രാവർത്തികമാകുമ്പോൾ വിദ്യാർത്ഥികൾ പത്താം ക്‌ളാസ്സിലെത്തുമ്പോൾ 16 വയസ്സ് പൂർത്തിയാക്കും. ഓൺലൈൻ കോച്ചിംഗിന്റെ കാര്യത്തിൽ നിയന്ത്രണത്തിനു കൂടുതൽ വ്യക്തത വരാനുണ്ട്. വൻ ലാഭം കൊയ്യുന്ന മുൻനിര കോച്ചിംഗ് സംരംഭങ്ങളെ പുതിയ നിർദേശങ്ങൾ പ്രതികൂലമായി ബാധിക്കും.