nursing

നഴ്‌സുമാര്‍ക്ക് യൂറോപ്പിലും അമേരിക്കയിലുമായി വമ്പന്‍ തൊഴിലവസരങ്ങള്‍ വരുന്നു. ജര്‍മനി യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമാണ് അവസരങ്ങള്‍. 2025അവസാനത്തോടെ ലക്ഷക്കണക്കിന് പുതിയ നഴ്‌സുമാരെയാണ് ആവശ്യമുള്ളത്. ജര്‍മനിയില്‍ ഒന്നരലക്ഷം നഴ്‌സുമാരുടെ ഒഴിവുണ്ടാകുമെന്നാണ് നോര്‍ക്കയുടെ കണക്കുകൂട്ടല്‍.

ഡബ്ല്യു.എച്ച്.ഒ കണക്ക് അനുസരിച്ച് യൂറോപ്യന്‍ യൂണിയനിലെ ആകെ നഴ്‌സുമാരില്‍ 40 ശതമാനത്തില്‍ അധികം പേരും പ്രായം 55 പിന്നിട്ടിവരാണ്. അമേരിക്കയില്‍ 55 പിന്നിട്ട നഴ്‌സുമാര്‍ 25 ശതമാനത്തില്‍ അധികമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇതില്‍ നല്ലൊരു പങ്കും ജോലി വിടും. ഇതോടെയാണ് പുതിയ നഴ്‌സുമാര്‍ക്ക് അവസരമൊരുങ്ങുക.

നഴ്സ് നിയമനത്തില്‍ ജര്‍മനിയില്‍ പ്രാദേശിക ഭാഷയുടെ കാര്യം പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നതിനാല്‍ നോര്‍ക്ക റൂട്സ് ജര്‍മന്‍പഠനത്തിന് അവസരമൊരുക്കുന്നുണ്ട്. ഇറ്റലി, യു.കെ., അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ എന്നീ യൂറോപ്യന്‍ രാജ്യങ്ങളാണ് ജര്‍മനിക്കുപുറമേ കൂടുതല്‍ നഴ്സുമാര്‍ക്ക് അവസരം നല്‍കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍.

പല യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയില്‍നിന്ന് ഡോക്ടര്‍മാരെയും തേടുന്നുണ്ട്. യു.കെ.യിലേക്ക് സൈക്യാട്രിസ്റ്റുമാരെ നിയമിക്കുന്നതിനായി 22-ന് നോര്‍ക്കയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ അഭിമുഖം നടത്തും.