
തിരുവനന്തപുരം : ഗായിക കെ.എസ് ചിത്ര രാജ്യത്തിന്റെ പൊതുസ്വത്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ചിത്രയെ ഏതെങ്കിലും ഒരുവിഭാഗത്തിന്റെ കള്ളികളിലാക്കേണ്ടതില്ല, വിമർശനാത്മകമായി അവർ എന്തെങ്കിലും പറഞ്ഞാൽ അതിനോട് വിയോജിക്കാം. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും എം.വി. ഗോവിന്ദൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നടി ശോഭന ബി.ജെ.പിയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ സ്വീകരിച്ച അതേനിലപാടാണ് ചിത്രയുടെ കാര്യത്തിലുമുള്ളതെന്ന് ഗോവിന്ദൻ വ്യക്തമാക്കി.
ലോകം ശ്രദ്ധിക്കുന്ന നിരവധ് പാട്ടുകൾ രാജ്യത്തിന് നൽകിയ പ്രതിഭയാണ് ചിത്ര. അവർ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എതിർക്കുന്നതിനോട് സി.പി.എമ്മിന് യോജിപ്പില്ല. ഇന്ത്യയിലെ പ്രധാനപ്പെട്ട നടിയും നർത്തകിയുമാണ് ശോഭന. ഇവരെല്ലാം തന്നെ ഈ നാടിന്റെ പൊതുസ്വത്താണ്. അവരുടെ നിലപാടുകളെക്കുറിച്ച് വിമർശനാത്മകമായി സംസാരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവർ നമ്മൾ ഇഷ്ടപ്പെടുന്ന സിനിമാരംഗത്തെ അതികായരല്ലേ, സാഹിത്യരംഗം എടുത്താൽ ടി. പദ്‌മനാഭൻ, എം.ടി, മുകുന്ദൻ എന്നിവരെല്ലാം ഏതെങ്കിലും നിലപാടിന്റെയോ പദപ്രയോഗത്തിന്റെയോ പേരിൽ തള്ളിപ്പറയേണ്ട കാര്യമില്ല, അവരെല്ലാം നമ്മുടെ രാജ്യത്തിന്റെ ഒരു സ്വത്താണെന്ന രീതിയിൽ തന്നെ കാണണം. ചിത്രയുടെ വിഷയത്തിലും പാർട്ടിയുടെ നിലപാട് അതുതന്നെയാണ്.. എന്തെങ്കിലും കാര്യങ്ങൾ വിമർശനാത്മകമായി ഉണ്ടെങ്കിൽ ആ വിമർശനം നടത്തുന്നതിനോട് ഞങ്ങളാരും എതിരല്ല. പക്ഷേ അതിലുപരി ഇവരെെയെല്ലാം രാജ്യത്തിന്റെ പ്രമുഖ പ്രതിഭകളായിട്ടാണ് കാണേണ്ടതെന്നും ഗോവിന്ദൻ പറഞ്ഞു.