
പ്യോഗ്യാംഗ്: കടലിനടിയിൽ അത്യാധുനിക ആണവ ഡ്രോണിന്റെ പരീക്ഷണം നടത്തി ഉത്തര കൊറിയ. രാജ്യത്തിന്റ കിഴക്കൻ തീരത്താണ് ' ഹയീൽ - 5 -23 ' എന്ന് പേരിട്ടിരിക്കുന്ന ഡ്രോണിന്റെ പരീക്ഷണം നടത്തിയത്. ഈ ആഴ്ച യു.എസും ദക്ഷിണ കൊറിയയും ജപ്പാനും നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങൾക്കുള്ള മറുപടിയായാണ് നീക്കം.
ഉത്തര കൊറിയ ആണവായുധത്തെ വഹിക്കാൻ ശേഷിയുള്ള അണ്ടർവാട്ടർ ഡ്രോൺ വികസിപ്പിച്ചെന്ന് മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഹയീൽ എന്ന വാക്കിന് കൊറിയൻ ഭാഷയിൽ സുനാമി എന്നാണ് അർത്ഥം. ശത്രുരാജ്യത്തിന്റെ തീര മേഖലകളെ ശക്തമായ സ്ഫോടനങ്ങൾ നടത്തി സുനാമി പോലെ തകർത്തെറിയാൻ ഈ ആയുധത്തിന് കഴിയുമെന്നാണ് അവകാശവാദം.
ഡ്രോണിന്റെ നേരത്തെ നടന്ന പരീക്ഷണങ്ങളിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ നേരിട്ട് മേൽനോട്ടം വഹിച്ചിരുന്നെന്നാണ് വിവരം. ആണവായുധം ഘടിപ്പിച്ചാൽ ഈ ഡ്രോണിന് റേഡിയോ ആക്ടീവ് ' സുനാമി' സൃഷ്ടിക്കാനാകുമെന്നാണ് അവകാശവാദം. ഡ്രോണിനെ പറ്റി കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാൽ,
ഹയീൽ ഡ്രോണിനെ ഉത്തര കൊറിയ പെരുപ്പിച്ച് കാട്ടുകയാണെന്ന് ദക്ഷിണ കൊറിയൻ നിരീക്ഷകർ പറയുന്നു.
കിമ്മിന്റെ നിർദ്ദേശപ്രകാരം ആണവായുധ ശേഖരം വൻതോതിൽ ഉയർത്താനുള്ള ശ്രമങ്ങളിലാണ് രാജ്യം. ആണവായുധ ആക്രമണം നടത്താൻ ശേഷിയുള്ള രാജ്യത്തെ ആദ്യ അന്തർവാഹിനിയായ ' ഹീറോ കിം കുൻ ഓക്കി 'നെ കഴിഞ്ഞ സെപ്തംബറിൽ പുറത്തിറക്കിയിരുന്നു.
ആദ്യം റഷ്യൻ പോസിഡോൺ
റഷ്യയുടെ 'സൂപ്പർ - വെപ്പൺ" എന്നറിയപ്പെടുന്ന സ്റ്റെൽത്ത് ടോർപ്പിഡോ ആയ 'പോസിഡോൺ 2M39"ന്റെ അനുകരണമായിട്ടാണ് ഉത്തര കൊറിയയുടെ അണ്ടർവാട്ടർ ഡ്രോണിനെ കണക്കാക്കുന്നത്. എന്നാൽ പോസിഡോണിനെ പോലെ ഭീകരമല്ലെന്ന് കരുതുന്നു. ആണവോർജ്ജത്തിലാണ് പ്രവർത്തിക്കുന്ന പോസിഡോണിന്റെ പ്രഹര ശേഷിയെ 'റേഡിയോ ആക്ടീവ് സുനാമി' എന്നാണ് റഷ്യ വിശേഷിപ്പിക്കുന്നത്.
ശത്രുക്കളുടെ നാവിക കേന്ദ്രങ്ങൾ, അന്തർ വാഹിനികൾ, വിമാനവാഹിനികൾ, തീരദേശ സൈനിക കേന്ദ്രങ്ങൾ തുടങ്ങിയവയെ സുനാമി പോലെ തകർത്തെറിയാൻ പോസിഡോണിന് കഴിയും. 100 മെട്രിക് ടണ്ണോളം ഭാരവാഹക ശേഷിയുള്ള പോസിഡോൺ നിലവിൽ പരീക്ഷണഘട്ടങ്ങളിലാണ്.
603 അടിയിലേറെ വലിപ്പമുള്ള റഷ്യയുടെ ഓസ്കാർ II ക്ലാസിലുള്ള പടുകൂറ്റൻ അന്തർവാഹിനിയായ ' ബെൽഗൊറോഡ് ", നിർമ്മാണ ഘട്ടത്തിലുള്ള ഖാബറോവ്‌സ്ക് അന്തർവാഹിനി എന്നിവയിൽ പോസിഡോണിനെ ഘടിപ്പിച്ചേക്കുമെന്നാണ് കേൾക്കുന്നത്. പോസിഡോണിന്റെ ആദ്യ ബാച്ചിന്റെ നിർമ്മാണം പൂർത്തിയായെന്ന് അഭ്യൂഹമുണ്ട്. പോസിഡോണിന് ശക്തനായ ഒരു എതിരാളി പാശ്ചാത്യ രാജ്യങ്ങളുടെ പക്കൽ പോലുമില്ല.