v-s-joy

കൊച്ചി: മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന് സ്ഥലംമാറ്റം. പ്രിൻസിപ്പൽ ഡോ. വി എസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സ‌ർക്കാർ‌ സംസ്‌കൃത കോളേജിലേക്കാണ് സ്ഥലം മാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്‌ട‌റുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചതിന് പിന്നാലെയാണ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയത്. എസ് എഫ് ഐ നേതാവ് വിദ്യയുടെ വൃാജരേഖ കേസിൽ പൊലീസിലെ പരാതിക്കാരനായിരുന്നു വി എസ് ജോയ്. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് പി എം ആർഷോയുമായി ബന്ധപ്പെട്ട മാർ‌ക്ക് ലിസ്റ്റ് വിവാദത്തിലും വി എസ് ജോയ് പ്രതിയായിരുന്നു. മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് ആർഷോ നൽകിയ പരാതിയിൽ ജോയിയെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തത്.

വിദ്യാർത്ഥി സംഘർഷം തുടരുന്ന മഹാരാജാസ് കോളേജിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി പി എ അബ്ദുൾ നാസറിനാണ് (21) കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന വനിതാ നേതാവ് അശ്വതിക്ക് മർദ്ദനമേറ്റു. ഇതിന് പിന്നാലെയാണ് കോളേജും ഹോസ്റ്റലും അനിശ്ചിതമായി അടച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയുണ്ടായ സംഭവത്തിൽ മൂന്നാം വർഷ എൻവയൺമെന്റൽ കെമിസ്ട്രി വിദ്യാർത്ഥി ഇജിലാൽ അറസ്റ്റിലായി.

മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയായ അബ്ദുൾ നാസറും എസ് എഫ് ഐ എറണാകുളം ഏരിയാ കമ്മിറ്റി അംഗവും രണ്ടാം വർഷ ഫിലോസഫി വിദ്യാർത്ഥിനിയുമായ അശ്വതിയും (20) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അശ്വതിക്ക് സാരമായ പരിക്കില്ല. നാസറിന്റെ കാലിലും നെഞ്ചിലും പുറത്തുമായി അഞ്ച് മുറിവുണ്ട്. വെട്ട് തടുക്കുന്നതിനിടെ ഭാഗികമായി അറ്റു പോയ വലതുകൈവിരലിൽ ഇന്നലെ ശസ്ത്രക്രിയ നടത്തിയിരുന്നു. സംഭവത്തിൽ കെ എസ് യു - ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വനിതാ പ്രവർത്തകരടക്കം 14 പേർക്കും കണ്ടാലറിയാവുന്ന അഞ്ച് പേർക്കുമെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം അടക്കം ഒൻപത് വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.