cri

തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് വേദിയാകുന്ന രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിന്റെ ഒന്നാം ദിനം കരുത്തരായ മുംബയ്‌യെ കേരളം 251 റൺസിന് ഓൾഔട്ടാക്കി. നാല് വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബേസിൽ തമ്പിയും ജലജ് സക്സേനയുമാണ് മുംബയ് ബാറ്റർമാരെ തകർക്കാൻ നേതൃത്വം നൽകിയത്.
ടോസ് നേടിയ മുംബയ് ക്യാപ്ടൻ അജിങ്ക്യ രഹാനെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഓപ്പണർ ജയ് ബിസ്തയേയും രഹാനെയേയും ആദ്യഓവറിലെ ആദ്യ രണ്ട് പന്തുകളിൽ ഗോൾഡൻ ഡക്കാക്കി ബേസിൽ തമ്പി മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത്. ജയ്ബിസ്ത് വിക്കറ്റിന് മുന്നിൽ കുടുങ്ങിയപ്പോൾ രഹാനെയെ കേരളാ ക്യാപ്‌ടനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ കൈപ്പിടിയിലൊതുക്കി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ മുംബയ്ക്ക് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു.

അഫ്ഗാനെതിരായ ട്വന്റി-20 പരമ്പരയിൽ ഇന്ത്യയ്‌ക്കായി തിളങ്ങിയ ശിവം ദുബെ (51), തനുഷ് കൊട്ടിയാൻ (56), ഭാപെൻ ലൽവാനി (50) എന്നിവരുടെ അർദ്ധസെഞ്ച്വറികളാണ് മുംബയ്‌യെ 251ൽ എത്തിച്ചത്. വിക്കറ്റിന് പിന്നിൽ തിളങ്ങിയ സഞ്ജു ഇന്നലെ 5 ക്യാച്ചുകളെടുത്തു.

രോഹൻ @100

കേരളത്തിന്റെ മുൻനിര ബാറ്റർ രോഹൻ പ്രേമിന്റെ കരിയറിലെ നൂറാം ഫസ്റ്റ്ക്ലാസ് മത്സരമാണിത്. 37കാരനായരോഹൻ 99 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 13 സെഞ്ച്വറി ഉൾപ്പെടെ 5394 റൺസ് നേടിയിട്ടുണ്ട്. ഓഫ് സ്പിന്നറായ അദ്ദേഹം 54 വിക്കറ്റും നേടി.