crime

നോയ്ഡ: എയര്‍ ഇന്ത്യ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു. ജിമ്മില്‍ വ്യായാമം ചെയ്ത ശേഷം പുറത്തിറങ്ങി കാറില്‍ വിശ്രമിക്കുമ്പോള്‍ ബൈക്കിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. എയര്‍ ഇന്ത്യ ക്രൂ മെമ്പര്‍ സുരാജ് മാന്‍ (30) ആണ് കൊല്ലപ്പെട്ടത്. സെക്ടര്‍ 104ല്‍ ആയിരുന്നു സംഭവം നടന്നത്.

സുരാജിന്റെ കുടുംബവുമായി ബന്ധപ്പെട്ട ഒരു ഗ്യാങ് വാര്‍ ആണ് കോലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംവഭം അറിഞ്ഞപ്പോള്‍ തന്നെ സെക്ടര്‍ 39ലെ പൊലീസ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടുവെന്ന് നോയ്ഡ ഡിസിപി ഹരീഷ് ചാന്ദേര്‍ പറഞ്ഞു. സമീപത്തെ ആശുപത്രിയിലേക്ക് യുവാവിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

സുരാജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു, ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടനെ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.

സുരാജിന്റെ ജ്യേഷ്ഠന്‍ ഒരു കൊലപാതക കേസില്‍ പ്രതിയാണെന്നും ഇയാള്‍ ഡല്‍ഹിയിലെ ജയിലില്‍ കഴിയുകയാണെന്നും പൊലീസ് പറഞ്ഞു. സുരാജിന്റെ സഹോദരന്റെ കേസുമായി ഈ കൊലപാതകത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.