sreedharan

ചാലക്കുടി: കുഴപ്പൽപ്പണക്കടത്ത്, കൊലപാതകം തുടങ്ങി അമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടാതലവനുമായ കോടാലി ശ്രീധരനെയും മകൻ അരുണിനെയും കൊരട്ടിയിൽ വച്ച് പൊലീസ് പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും തോക്കും കണ്ടെടുത്തു. തൃശൂർ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് ഇന്നോവ കാറിൽ പോവുകയായിരുന്ന ശ്രീധരനെയും മകനെയും സാഹസികമായാണ് ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്.സിനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിട്ടിയ പൊലീസ് കൊരട്ടി ജംഗ്ഷനിൽ കാത്തുനിന്നു.

സിഗ്‌നൽ ജംഗ്ഷനിൽ നിറുത്തിയിട്ട കാറിനെ പൊലീസ് വളഞ്ഞു. രക്ഷപെടാൻ നടത്തിയ ശ്രമത്തിനിടെ ശ്രീധൻ, പൊലീസിന് നേരെ തോക്ക് ചൂണ്ടി. ഇതിനിടെ സ്‌ക്വാഡ് അംഗങ്ങൾ അതിസാഹസികമായി കീഴടക്കുകയായിരുന്നു.

രണ്ടു മാസമായി ശ്രീധരനെ പിടികൂടാൻ സംഘം അതീവ രഹസ്യമായി നീക്കം നടത്തുകയായിരുന്നു. കേരളത്തിന് പുറത്ത് തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ശ്രീധരന്റെ പേരിൽ അഞ്ച് കേസുകളുണ്ടെന്ന് ഡി.ഐ.ജി പറഞ്ഞു. കേരളത്തിലെ പല കേസുകളിലും കോടതിയിൽ ജാമ്യം എടുത്ത ശ്രീധരൻ,​ പിന്നീട് ഒളിവിൽ പോവുകയായിരുന്നു.