sivasankar

മാഹി: മാഹിയിൽ വ്യാജ പീഡന പരാതിയുണ്ടാക്കി പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി ശിവശങ്കറാണ് അറസ്റ്റിലായത്. ഹോട്ടൽ ജീവനക്കാരനെതിരെ വ്യാജ പരാതി നൽകി, ഹോട്ടലുടമയിൽ നിന്ന് പണം തട്ടാനായിരുന്നു ശിവശങ്കറിന്റെ ശ്രമം.

മുഹമ്മദ് ഇക്ബാൽ എന്ന പേരിലായിരുന്നു മാഹിയിലെ ലോഡ്ജിൽ ഇയാൾ മുറിയെടുത്തത്. കൂടെ ഭാര്യയും ഉണ്ടായിരുന്നു. പിന്നീട് ഭാര്യയെ റൂം ബോയ് പീഡിപ്പിച്ചെന്ന് കാട്ടി ഇയാൾ മൂന്ന് ദിവസത്തിന് ശേഷം മാഹി പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്തിയപ്പോഴാണ് സത്യം പുറത്തായത്. പരാതിയും പരാതിക്കാരനുമെല്ലാം വ്യാജമായിരുന്നു. മുഹമ്മദ് ഇക്ബാലെന്ന വ്യാജപ്പേരിൽ മുറിയെടുത്തത് കാഞ്ഞങ്ങാട് സ്വദേശി ശിവശങ്കറായിരുന്നു എന്ന് പൊലീസ് കണ്ടെത്തി.

ഭാര്യയെന്ന പേരിൽ ഇയാൾ കൂടെ കൂട്ടിയത് ഭർത്താവ് ഉപേക്ഷിച്ച അറുപത്തിമൂന്നു വയസുകാരിയെയായിരുന്നു. ലോഡ്ജ് ഉടമയിൽ നിന്ന് പണം തട്ടാൻ ലക്ഷ്യമിട്ടായിരുന്നു പീഡിപ്പിച്ചെന്ന കള്ളപ്പരാതിയുണ്ടാക്കിയത്. തൃശൂരിലും സമാനമായ രീതിയിൽ ഒരു കുടുംബത്തി നിന്ന് ശിവശങ്കർ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൂടെയുള്ള സ്ത്രീയെ ഇതിനായി ഉപയോഗിച്ചു. മാഹിയിലെ പരാതി യഥാർത്ഥമാണെന്ന് വരുത്താൻ ഇയാൾ സ്ത്രീയെ മർദിക്കുകയും ചെയ്തു. ഇവർ ഇപ്പോൾ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.