ram-mandir-prasad

ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ മധുരപലഹാരങ്ങൾ വിൽക്കുന്നതിൽ ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണിന് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ. കോൺഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം പ്രവർത്തനങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) വ്യക്തമാക്കി.

അയോദ്ധ്യ രാമക്ഷേത്ര അയോദ്ധ്യ പ്രസാദം, രഘുപതി നെയ്യ് ലഡ്ഡു, ഖോയ ഖോബി ലഡ്ഡു, രാം മന്ദിർ ദേസി മിൽക്ക് പേട തുടങ്ങിയവയാണ് ശ്രീരാമക്ഷേത്ര അയോദ്ധ്യ ക്ഷേത്രത്തിലെ പ്രസാദം എന്ന പേരിൽ ആമസോണിൽ ലഭിക്കുന്നത്. നോട്ടീസിൽ മറുപടി നൽകാൻ ഏഴ് ദിവസമാണ് ആമസോണിന് അനുവദിച്ചിരിക്കുന്നത്. ഇത് പാലിക്കാതെ വന്നാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സിസിപിഎ വ്യക്തമാക്കി.

അതേസമയം, രാംലല്ല മൂർത്തിയുടെ (ബാലനായ രാമൻ) പ്രാണപ്രതിഷ്ഠ തിങ്കളാഴ്ച്ച നടക്കാനിരിക്കെ, അയോദ്ധ്യ ഭക്തിസാന്ദ്രമായ ഉത്സവാന്തരീക്ഷത്തിലാണ്. ആയിരക്കണക്കിന് ഭക്തർ ജയ് ശ്രീറാം, ജയ് സിയാറാം (സീതാമേതനായ രാമൻ) മുഴക്കി നിരത്തുകളിലൂടെ നീങ്ങുന്നു. പ്രായമേറിയവരും സ്ത്രീകളും കുട്ടികളും തെരുവുകളിൽ രാമമന്ത്രം ഉരുവിടുന്നു. ഹനുമാൻ വേഷധാരികളെ പലയിടത്തും കാണാം. കൊടിതോരണങ്ങൾ കെട്ടി പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് തെരുവുകൾ. രാത്രിയിൽ വൈദ്യുത ദീപാലങ്കാരമാണ് എങ്ങും. അയോദ്ധ്യ നഗരം വെളിച്ചത്തിൽ ജ്വലിച്ച് നിൽക്കുന്നു. ഭജനകൾ ഉച്ചത്തിൽ വച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ 51 ഇഞ്ച് പൊക്കമുള്ള രാംലല്ല മൂർത്തിയുടെ വിഗ്രഹം സ്ഥാപിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.