aa-rahim

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഡി.വൈ.എഫ്.ഐ ഇന്ന് കാസർകോട് മുതൽ തിരുവനന്തപുരത്ത് രാജ്ഭവൻവരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയിൽ ലക്ഷക്കണക്കിന് യുവാക്കൾ കണ്ണികളാകും. വൈകിട്ട് അഞ്ചിനാണ് ചങ്ങല തീർക്കുക. 4.30ന് ട്രയൽ നടത്തും. വൈകിട്ട് 3 മുതൽ രാജ്ഭവനു മുന്നിൽ കലാപരിപാടികൾ ആരംഭിക്കും.

കാസർകോട്ട് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹിം ആദ്യ കണ്ണിയും രാജ്ഭവന് മുന്നിൽ ഡി.വൈ.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റ് ഇ.പി ജയരാജൻ അവസാന കണ്ണിയുമാവും. രാജ്ഭവനു മുന്നിലെ പൊതുയോഗം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. തലസ്ഥാന ജില്ലയിൽ ഒരുലക്ഷം പേർ കണ്ണികളാകും. ജില്ലാതിർത്തിയായ കടമ്പാട്ടുകോണം വരെ 50 കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യച്ചങ്ങല. ജില്ലയിൽ 19 കേന്ദ്രങ്ങളിൽ പൊതുയോഗവും ഉണ്ടാകും.

ഡി.വൈ.എഫ്.ഐ നേതൃത്വത്തിലുള്ള രണ്ടാമത്തെ മനുഷ്യചങ്ങലയാണിത്. 1987 ആഗസ്റ്റ് 15നായിരുന്നു ആദ്യചങ്ങല. സ്വാതന്ത്ര്യത്തിന്റെ 40-ാം പിറന്നാളിൽ ഐക്യത്തിന്റെ സന്ദേശവുമായാണ് ചങ്ങല തീർത്തത്. അന്നത്തെ അഖിലേന്ത്യ പ്രസിഡന്റ് എം. വിജയകുമാർ ആദ്യകണ്ണിയും സെക്രട്ടറി ഹനൻമുള്ള അവസാന കണ്ണിയുമായി.