
മുംബയ്: മഹാരാഷ്ട്രയിലെ ചടങ്ങിനിടെ കുട്ടിക്കാലത്തെ ഓർമകളിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ആവാസ് യോജന അർബൻ പദ്ധതിയിലൂടെ നിർമ്മിച്ച വീടുകൾ കൈമാറുന്ന ചടങ്ങിലാണ് അദ്ദേഹം വികാരാധീനനായി സംസാരിച്ചത്. ഇതുപോലെ ഒരു വീട് വേണമെന്ന് കുട്ടിക്കാലത്ത് ആഗ്രഹിച്ചിട്ടുണ്ടെന്നും ഇപ്പോൾ ആയിരത്തോളം കുടുംബങ്ങളുടെ വീടെന്ന സ്വപ്നം സഫലമായി കാണുമ്പോൾ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോലാപൂർ റായ്നഗർ ഹൗസിംഗ് സൊസൈറ്റിയിൽ നിർമ്മിച്ച 15,000 വീടുകളും ഗുണഭോക്താക്കാൾക്ക് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
महाराष्ट्र में पीएम आवास योजना के अंतर्गत गरीबों के लिए बनी सबसे बड़ी सोसायटी के लोकार्पण की बात करते हुए अपने बचपन को याद कर भावुक हुए प्रधान सेवक श्री @narendramodi। pic.twitter.com/oo9Khn22Hy
— BJP (@BJP4India) January 19, 2024
മഹാരാഷ്ട്രയിൽ 2000 കോടി രൂപയുടെ പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടു. 'പി.എം.എ.വൈ പദ്ധതിക്ക് കീഴിൽ മഹാരാഷ്ട്രയിൽ മാത്രം 90,000 വീടുകൾ നിർമ്മിക്കാൻ സാദ്ധിച്ചു. വീട് ലഭിച്ചവരെ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമുണ്ട്. അവരുടെ അനുഗ്രഹത്തേക്കാൾ വലുതായി ഒന്നുമില്ല. ഒരു വീടുണ്ടാവണമെന്ന് കുട്ടിക്കാലത്ത് ഞാനും ആഗ്രഹിച്ചിട്ടുണ്ട്. ഇപ്പോളിതാ ആയിരങ്ങളുടെ സ്വപ്നം സഫലമാകുന്നത് കാണുമ്പോൾ കൃതാർത്ഥനാണ്. അവരുടെയെല്ലാം അനുഗ്രഹമാണ് ഏറ്റവും വലിയ സമ്പാദ്യം'- കണ്ണീരടക്കി പ്രധാനമന്ത്രി പറഞ്ഞു.
'രാജ്യത്തെ വലിയ സൊസൈറ്റിയുടെ ഉദ്ഘാടനമാണ് ഇന്നിവിടെ നടന്നത്. പാവപ്പെട്ടവർക്കിടയിൽ പി.എം.എ.വൈ അർബൻ പദ്ധതി കാര്യമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. പിന്നോക്കാവസ്ഥയിലുള്ളവരുടെ ജീവിതസാഹചര്യം ഉയർത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ എത്രമാത്രം പ്രതിജ്ഞാബദ്ധമാണ് എന്നതിന് തെളിവാണ് നാമിപ്പോൾ കാണുന്നത്. അയോദ്ധ്യയിൽ രാമൻ കൊണ്ടുവന്ന ഭരണപരിഷ്‌കാരങ്ങളാണ് പാവപ്പെട്ടവർക്കായി ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിന് പ്രചോദനമായത്. 22ന് എല്ലാവരും വീടുകളിൽ രാമജ്യോതി തെളിയിക്കണം' - പ്രധാനമന്ത്രി വ്യക്തമാക്കി.