
തിരുവനന്തപുരം: ചാലക്കമ്പോളത്തിലെ സഭാപതി റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ ഓട നിർമ്മാണം വൈകുന്നതു കാരണം കച്ചവടക്കാർ ദുരിതത്തിൽ.
ഇവിടത്തെ കടകൾ പലതും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഓട നിർമ്മാണം പുരോഗമിക്കുന്നത്. ജോലികൾ നടക്കുന്നതിനാൽ റോഡിനിപ്പോൾ വേണ്ടത്ര വീതിയില്ല. ഇതുകാരണം, ചരക്കുമായെത്തുന്ന ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകേണ്ട വഴിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
മഴ പെയ്‌താൽ ഇവിടെ വെള്ളക്കെട്ടാകുന്നതോടെ മാലിന്യമുൾപ്പെടെ ഒഴുകി വന്ന് അടിഞ്ഞുകൂടും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ ഉൾപ്പെടെയുള്ള അസൗകര്യങ്ങൾ കാരണം ജനങ്ങൾക്ക് മാർക്കറ്റിലേക്ക് പ്രവേശിക്കാനാകാത്ത അവസ്ഥയാണ്.
എങ്ങുമെത്താതെ പൈതൃക തെരുവ് പദ്ധതി
ചാല മാർക്കറ്റിന്റെ മുഖം മാറ്റുന്ന പൈതൃക തെരുവ് പദ്ധതി ഇന്നും പാതിവഴിയിലാണ്. ചിത്ര മതിലുകളും മേൽക്കൂരയോടുകൂടിയ നടപ്പാതയും വിശ്രമ ബെഞ്ചുകളും ഉൾപ്പെടെയുള്ളതായിരുന്നു പദ്ധതി. സൗന്ദര്യവത്കരണത്തിനൊപ്പം അടിസ്ഥാന സൗകര്യ വികസനവും ഉൾപ്പെടുത്തിയിരുന്നു. വൈദ്യുത ലൈനുകളും കേബിളുകളും ഭൂമിക്കടിയിലൂടെ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രഖ്യാപനത്തിലൊതുങ്ങി. സ്‌മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തി പദ്ധതി നിർവഹിക്കാനാകില്ലെന്നാണ് നഗരസഭയുടെ വിശദീകരണം.
മുമ്പ് ഇതേപോലെ മലക്കറിക്കട റോഡും ദീർഘകാലം അടച്ചിട്ടിരുന്നു. "മാർക്കറ്റിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ അമ്പതു മീറ്റർ വീതം ഓട നിർമ്മാണം നടത്തുകയും 20 വർഷം മുമ്പ് ആസൂത്രണം ചെയ്‌ത റോഡ് വികസനം നടപ്പാക്കുകയും വേണം.
ഉള്ളൂർ മുരളി, ലോഡിംഗ് ആൻഡ് ജനറൽ വർക്കേഴ്സ്
യൂണിയൻ (ഐ.എൻ.ടി.യു.സി )
ചാല യൂണിയൻ ജനറൽ സെക്രട്ടറി