
തൃശൂർ: കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ 72 ലക്ഷം രൂപ നിക്ഷേപമുള്ളയാൾ ദയാവധത്തിന് അനുമതി തേടി മുഖ്യമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചു. മുകുന്ദപുരം മാടായിക്കോണം മാപ്രാണം കുറുപ്പം റോഡിൽ വടക്കേത്തല വീട്ടിൽ ജോഷി (53) ആണ് കത്തയച്ചത്. നിക്ഷേപം തിരികെ കിട്ടാതെ ജീവിതം കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തിലാണിത്.
20 വർഷത്തിനിടെ രണ്ട് തവണ കഴുത്തിൽ ഒരേ സ്ഥലത്ത് വന്ന ട്യൂമർ ഉൾപ്പെടെ 21 ശസ്ത്രക്രിയകളും ഏഴര വർഷം കിടപ്പിലായതും അതിജീവിച്ചയാളാണ് ജോഷി. അക്കൗണ്ടന്റായി ജോലി ചെയ്‌തിരുന്ന ഇദ്ദേഹം റോഡപകടത്തെ തുടർന്ന് കിടപ്പിലായതോടെ ജോലി നഷ്ടപ്പെടുകയും ചികിത്സാച്ചെലവുകൾ കാരണം കടക്കെണിയിൽ വീഴുകയും ചെയ്‌തു. കിടക്കയിൽ കിടന്ന് സിവിൽ എഞ്ചിനീയറിംഗ് പഠിച്ച് സർക്കാരിന്റെയും ബാങ്കുകളുടെയും മറ്റും കരാർപണികൾ ചെയ്താണ് ജീവിച്ചത്. എന്നാൽ, കഴിഞ്ഞ വർഷം ട്യൂമർ ബാധിച്ചതോടെ ഇതും അവസാനിച്ചു.
ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പണം കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചിരുന്നത്. വിചാരിച്ച രീതിയിൽ മക്കളുടെ ഉന്നത വിദ്യാഭ്യാസം നടത്താനായില്ലെന്നും ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങളെ നേരിടാനും ചികിത്സകൾ നടത്തുവാനും കയ്യിൽ പണമില്ലാത്തതിനാൽ, കിടപ്പിലായി മരിക്കുന്നതിന് മുമ്പ് സ്വയം കൊല്ലപ്പെടുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നുവെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്.