
മാവേലിക്കര: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിയിക്കാൻ സാധിച്ചതായാണ് കോടതി കണ്ടെത്തിയതെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ. മുഴുവൻ പ്രതികൾക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. ഇവർക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ ആയിരിക്കും ലഭിക്കുകയെന്നും അഭിഭാഷകൻ കോടതിവിധിക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
'ഒരാളുടെ വീട്ടിൽക്കയറി കിടന്നുറങ്ങുകയായിരുന്നയാളെ വിളിച്ചുണർത്തി പ്രായമായ മാതാവിന്റെയും മകളുടെയും ഭാര്യയുടെയും മുന്നിൽവച്ച് അതിനിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത്. ഏകദേശം 56 മുറിവുകൾ ശരീരത്തിലുണ്ടായിരുന്നു. മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കി. ഇത് അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന തരത്തിലുള്ള വാദമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തിയത്.
വളരെ നിഷ്‌പക്ഷമായ അന്വേഷണമാണ് കേസിൽ നടന്നത്. സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. വിശദമായ തെളിവെടുപ്പ് കേസിൽ നടന്നു. പ്രതികളിലൊരാളുടെ മൊബൈലിൽ നിന്ന് ഒരു ഹിറ്റ്‌ലിസ്റ്റ് കണ്ടെത്തിയിരുന്നു. അതിൽ ഒന്നാമത്തെ പേരുകാരനായി ഉണ്ടായിരുന്നത് രഞ്ജിത്ത് ശ്രീനിവാസനാണ്. കൊലപാതകത്തിൽ സഹായികളായവരും ഗൂഢാലോചനയിൽ പങ്കാളികളായവർക്കുമായുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇത് ഉടൻതന്നെ പൂർത്തിയായി കുറ്റപത്രം സമർപ്പിക്കും'- പ്രോസിക്യൂട്ടർ വ്യക്തമാക്കി.
അലപ്പുഴയിൽ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികളായ നൈസാം, അജ്‌മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്‌ദുൾ സലാം, സഫറുദ്ദീൻ, മൻഷാദ് എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 13, 14, 15 പ്രതികളായ സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർനാസ് അഷ്‌റഫ് എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത് ക്രിമിനൽ ഗൂഢാലോചന കുറ്റമാണ്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പറയുന്നത്. പ്രതികളെല്ലാം എസ്‌ഡിപിഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. ഇവരുടെ ശിക്ഷ തിങ്കളാഴ്‌ച വിധിക്കും.