
ഹൈദരാബാദ്: റാമോജി ഫിലിം സിറ്റിയിൽ സ്വകാര്യ കമ്പനിയുടെ രജത ജൂബിലി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ സിഇ ഒയ്‌ക്ക് ദാരുണാന്ത്യം. വിസ്‌ടെക്സ് കമ്പനി സി ഇ ഒ സഞ്ജയ് ഷായാണ് മരിച്ചത്.
അപകടത്തിൽ ഒരു ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആഘോഷങ്ങൾക്കിടെ, സഞ്ജയ് ഷായേയും സഹപ്രവർത്തകനെയും ഇരുമ്പുകൂടിനുള്ളിൽ കയറ്റി, മുകളിൽ നിന്ന് സ്റ്റേജിലേക്ക് ഇറക്കുന്നതിനിടെ ചങ്ങല പൊട്ടുകയായിരുന്നു. ഉയരത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് സഞ്ജയ് മരിച്ചത്. സംഭവത്തിൽ ഇവന്റ് മാനേജ്മെന്റ് അധികൃതർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കമ്പനിയിലെ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.