shuaib-malik

ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷുഹൈബ് മാലിക്ക് വീണ്ടും വിവാഹിതനായെന്ന് റിപ്പോർട്ട്. പ്രമുഖ പാകിസ്ഥാൻ നടി സന ജാവേദിനെയാണ് താരം വിവാഹം കഴിച്ചതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച നടന്ന വിവാഹച്ചടങ്ങിന്റെ ചിത്രങ്ങൾ ഷുഹൈബ് മാലിക്ക് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹ മോചന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഷുഹൈബ് മാലിക്കിന്റെ മൂന്നാം വിവാഹച്ചിത്രങ്ങൾ പുറത്തുവന്നത്.

സാനിയയും ഷുഹൈബും തമ്മിൽ അടുപ്പത്തിലല്ലെന്നും കുറച്ച് നാളായി വേർപിരിഞ്ഞുകഴിയുകയാണെന്നും ചില പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാനിയ പങ്കുവച്ച പോസ്റ്റും ആരാധകരിൽ ഞെട്ടലുണ്ടാക്കിയത്. ഏറെ വിവാദമായ പ്രണയത്തിന് ശേഷം 2010 ഏപ്രിലിലാണ് ഷുഹൈബും സാനിയയും വിവാഹിതരായത്. പാകിസ്ഥാൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ടെന്നീസ് താരവും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.

നേരത്തെ ഇരുവരും ചേർന്ന് മകന്റെ നാലാം പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ഷുഹൈബ് പങ്കുവച്ചിരുന്നു. എന്നാൽ സാനിയ ചിത്രങ്ങൾ പങ്കുവയ്ക്കാത്തതും സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. അപ്രതീക്ഷിതമായി വിവാഹ ചിത്രങ്ങൾ പുറത്തുവന്നത് സാനിയയുടെയും ഷുഹൈബിന്റെയും ആരാധകരിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

സന ജാവേദുമായി ഷുഹൈബ് ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ വർഷം സനയുടെ പിറന്നാൾ ദിനത്തിൽ ഷുഹൈബ് പങ്കുവച്ച പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. സനയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. വിവാഹത്തിന് പിന്നാലെ സന ജാവേദ് ഇൻസ്റ്റഗ്രാമിൽ ഷുഹൈബിന്റെ പേരും കൂടെ ബയോയിൽ ചേർത്തിട്ടുണ്ട്. 2010 ആയിഷ സിദ്ദിഖിയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ഷുഹൈബ് സാനിയയെ വിവാഹം കഴിച്ചത്.

ആരാധകരെ ഞെട്ടിച്ച സാനിയയുടെ പോസ്റ്റ്
സാനിയയും ഷുഹൈബും തമ്മിൽ പിരിയുകയാണെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നതിന് പിന്നാലെ സാനിയ പങ്കുവച്ച പോസ്റ്റ് ആരാധകരിൽ ഞെട്ടലുണ്ടാക്കിയിരുന്നു. തകർന്ന ഹൃദയങ്ങൾ എങ്ങോട്ടേക്കാണ് പോകുന്നത്? അള്ളാഹുവിനെ തേടാൻ' എന്നായിരുന്നു സാനിയ പോസ്റ്റിൽ കുറിച്ചത്. ഈ സമയത്ത് ഇരുവരും അകന്നുകഴിയുകയാണെന്നും മകൻ ഇഷാന് വേണ്ടിമാത്രമാണ് ഒരുമിക്കുന്നതെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു.