sania

ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷുഹൈബ് മാലിക്കിന്റെ മൂന്നാം വിവാഹവാർത്ത അൽപം മുമ്പാണ് പുറത്തുവന്നത്. പാകിസ്ഥാൻ താരം സന ജാവേദാണ് വധു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഷുഹൈബ് തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെയാണ് ഷുഹൈബ് രണ്ടാമത് വിവാഹം കഴിച്ചത്. 2010ൽ ഹൈദരാബാദിൽവച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ ഷുഹൈബിന് ഒരു മകൻ ഉണ്ട്.

സാനിയ മിർസയും ഷുഹൈബും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നും ഇരുവരും വേർപിരിയാൻ പോകുകയാണെന്നുമൊക്കെ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇരുവരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സാനിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റ് ചർച്ചയായിരുന്നു.

'വിവാഹം കഠിനമാണ്, വിവാഹ മോചനവും കഠിനം, നിങ്ങളുടേത് തിരഞ്ഞെടുക്കുക' എന്ന് തുടങ്ങുന്ന ഒരു പോസ്റ്റായിരുന്നു സാനിയ പങ്കുവച്ചത്. ഷുഹൈബിന്റെ മൂന്നാം വിവാഹ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ സാനിയയുടെ പിതാവ് ഇമ്രാൻ മിർസ പ്രതികരിച്ചു.


മകളും ഷുഹൈബും ഖുൽഅ(‘Khula) രീതിയിൽ വിവാഹ മോചനം നേടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭാര്യയ്‌ക്ക് ഭർത്താവിനെ വിവാഹ മോചനം ചെയ്യാനുള്ള വ്യവസ്ഥയാണിത്.