ഷൊർണൂർ: കഞ്ചാവ് മാഫിയ സംഘത്തലവനെ ഷൊർണൂർ ടൗണിൽ വെച്ച് എക്‌‌സൈസ് സംഘം പിടികൂടി. കുളപ്പുള്ളി സ്വദേശി മുസ്തഫ (29 )ആണ് പിടിയിലായത്. കഞ്ചാവ് ആവശ്യമുണ്ട് എന്ന വ്യാജേന ഇയാളുടെ തന്നെ കസ്റ്റമറുടെ മൊബൈൽ നമ്പറിൽ നിന്ന് വിളിച്ചാണ് മുസ്തഫയെ തന്ത്രപരമായി എക്‌സൈസ് സംഘം കുടുക്കിയത്. ഷൊർണൂർ എസ്.ബി.ഐ ജംഗ്ഷന്റെ പരിസരത്ത് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതായുള്ള സംശയം ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഷൊർണൂർ കുറ്റിക്കാട് കോളനിയിലുള്ള ഇയാളുടെ ബന്ധുവീട്ടിലും എക്‌സൈസ് സംഘം പരിശോധന നടത്തി. ഒരു കിലോ 200 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഷൊർണൂർ പൊലീസ് സ്റ്റേഷൻ, വടക്കാഞ്ചേരി എക്‌സൈസ് പരിധി എന്നിവിടങ്ങളിൽ മുസ്തഫയ്ക്ക് കഞ്ചാവ് വിൽപ്പന നടത്തിയതിന് കേസുണ്ട്. പ്രതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.