മണ്ണാർക്കാട്: രാഷ്ട്രീയ പാർട്ടിയുടെ പേരിൽ വ്യാജ പിരിവെന്ന് പരാതിയിൽ മൂന്നുപേർക്കെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തു. പരിശോധനയിൽ രസീതുകൾ വ്യാജമാണെന്നും കണ്ടെത്തി. തൃശൂർ പൂമല സ്വദേശികളായ വടയാറ്റുകുഴിയിൽ ജെയിംസ് (57), ഇലവത്തൂർ ഉണ്ണികൃഷ്ണൻ (53), പുത്തൂർ മാമ്പുള്ളി ദാസൻ (53) എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വ്യാജ പിരിവ് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
എറണാകുളത്ത് ഈ മാസം അവസാനം നടക്കുന്ന സി.എം.പിയുടെ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി പിരിവ് നടത്തുകയാണെന്നാണ് ഇവർ മണ്ണാർക്കാട്ടെ വ്യാപാരികളോട് പറഞ്ഞത്. ഈ സമയം ഇതുവഴി വന്ന മണ്ണാർക്കാട് സ്വദേശിയും സി.എം.പി ജില്ലാ അസി.സെക്രട്ടറിയുമായ ഹംസ മുളയങ്കായിയോടും ഇവർ പിരിവ് ചോദിച്ചു. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുത്ത ദിവസങ്ങളിൽ പിരിവ് നടത്താനിരിക്കെ പെട്ടെന്നുള്ള പിരിവിൽ സംശയംതോന്നിയ ഇദ്ദേഹം രസീതുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്.
രസീതിൽ സി.എം.പി എറണാകുളം എന്നാണ് അച്ചടിച്ചിട്ടുള്ളത്. നേതാക്കളുമായി ബന്ധപ്പെട്ടപ്പോഴും ഇത്തരത്തിലൊരു രസീതില്ലെന്നും അറിഞ്ഞു. വിവരങ്ങൾ ചോദിപ്പോൾ ഇവർ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. ഈ സമയം മൂന്നുപേരും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് നേതാക്കൾ വ്യാഴാഴ്ച രാവിലെ സ്റ്റേഷനിലെത്തി പരാതി നൽകുകയും യഥാർഥ രസീതുകൾ പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു. വ്യാജരസീതുകൾ എവിടെ നിന്നാണ് ലഭ്യമായതെന്നുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് എസ്.ഐ വി.വിവേക് അറിയിച്ചു.