
കാസർകോട്:സൗദിയിൽ നിന്ന് ശേഖരിച്ച 38 ലക്ഷം രൂപയുടെ ഹവാല പണവുമായി മഞ്ചേശ്വരം സ്വദേശി മുങ്ങി. സൗദിയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയെ കബളിപ്പിച്ചാണ് ഈയാൾ മുങ്ങിയത്.
മൂന്നാഴ്ച മുമ്പാണ് സംഭവം.
കോഴിക്കോട് സ്വദേശി ഇടപെട്ടാണ് മഞ്ചേശ്വരം സ്വദേശി സൗദിയിൽ നിന്ന് പലരിൽ നിന്നുമായി പണം ശേഖരിച്ചത്. പണവുമായി പോയതിന് ശേഷം ഈയാളെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ല.കോഴിക്കോട് സ്വദേശി സൗദി എയർപോർട്ടിൽ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ഈയാളെക്കുറിച്ചുള്ള വിവരങ്ങൾ എയർപോർട്ട് അധികൃതർക്ക് കൈമാറി.ഇതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞ് സൗദിയിലെ താമസസ്ഥലത്തെത്തിയ മഞ്ചേശ്വരം സ്വദേശി താൻ കുറച്ച് കഷ്ടത്തിലായെന്നും കൈയിലുള്ള 15 ലക്ഷം ഇപ്പോൾ നൽകാമെന്നും ബാക്കി തുക ഒരുമാസത്തിനകം എത്തിക്കാമെന്നും ഉറപ്പ് നൽകി. ഇത് അംഗീകരിച്ച കോഴിക്കോട് സ്വദേശി മഞ്ചേശ്വരം സ്വദേശി നൽകിയ പതിനഞ്ചുലക്ഷമടങ്ങിയ പ്ളാസ്റ്റിക് കവർ തുറന്നപ്പോൾ ടിഷ്യു പേപ്പറാണ് കണ്ടത്. കബളിപ്പിക്കൽ വ്യക്തമായതോടെ ഈയാൾ നാട്ടിലുള്ള സുഹൃത്തുക്കളെ വിവരമറിയിച്ചു. ഹൊസബെട്ടുവിലാണ് തട്ടിപ്പ് നടത്തിയയാളുടെ വീടെന്ന ധാരണയിൽ ഇവർ ഇക്കാര്യം മഞ്ചേശ്വരം പൊലീസിനെ അറിയിച്ചു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അങ്ങനെയൊരാൾ സ്ഥലത്തില്ലെന്ന് വ്യക്തമായി.ഹവാല പണവുമായി മുങ്ങിയയാൾ കോഴിക്കോട് സ്വദേശിക്ക് നൽകിയത് വ്യാജ വിലാസമായിരുന്നുവെന്നാണ് വിവരം.