poc

കുന്നംകുളം: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 22 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും. കണ്ടാണശേരി ചൊവ്വല്ലൂർ സ്വദേശി വലിയകത്ത് വീട്ടിൽ സദഖിനെ(27)യാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷ വിധിച്ചത്. 2018 ഏപ്രിൽ മാസത്തിലായിരുന്നു കേസിനസ്പദമായ സംഭവം. പണയം വെക്കാൻ വാങ്ങിയ കൈ ചെയിൻ തിരികെ നൽകാനെന്ന വ്യാജേന രാത്രി 12 ന് ജനൽ പാളിയിൽ തട്ടിവിളിക്കുകയും വാതിൽ തുറന്നില്ലെങ്കിൽ യുവതി വിളിച്ചിട്ടാണ് വന്നതെന്ന് നാട്ടുകാരോട് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്. പിഴ സംഖ്യ ഒരു ലക്ഷം രൂപ ഇരക്കു നൽകുന്നതിന് കോടതി ഉത്തരവിട്ടു. ഈ കേസിൽ ഗുരുവായൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബാലകൃഷ്ണൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും പിന്നീട് ഇൻസ്‌പെക്ടർ മനോജ് കുമാർ തുടർ അന്വേഷണം നടത്തുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ രഞ്ജിക കെ. ചന്ദ്രൻ, അനുഷ ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.കെ.ഷിജു എന്നിവരും പ്രവർത്തിച്ചിരുന്നു.