
ചാലക്കുടി: കുഴപ്പൽപ്പണക്കടത്ത്, കൊലപാതകം തുടങ്ങി അമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടാതലവനുമായ കോടാലി ശ്രീധരനെയും മകൻ അരുണിനെയും കൊരട്ടിയിൽ വച്ച് പൊലീസ് പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും ഒരു തോക്കും കണ്ടെടുത്തു. തൃശൂർ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് ഇന്നോവ കാറിൽ പോവുകയായിരുന്ന ശ്രീധരനെയും മകനെയും സാഹസികമായാണ് ചാലക്കുടി ഡിവൈ.എസ്.പി: ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവർ എറണാകുളം ഭാഗത്തേക്ക് പോകുന്നുവെന്ന രഹസ്യ വിവരം കിട്ടിയ പൊലീസ് കൊരട്ടി ജംഗ്ഷനിൽ കാത്തുനിന്നു.
സിഗ്‌നൽ ജംഗ്ഷനിൽ നിറുത്തിയിട്ട കാറിനെ പൊലീസ് വളഞ്ഞു. രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടെ ശ്രീധൻ, പൊലീസിന് നേരെ തോക്ക് ചൂണ്ടി. ഇതിനിടെ സ്‌ക്വാഡ് അംഗങ്ങൾ അതിസാഹസികമായി കീഴടക്കുകകയായിരുന്നു. നിയമ വിരുദ്ധമായി തോക്ക് കൈവശം വയ്ക്കുകയും പൊലീസിന് നേരെ വധശ്രമം നടത്തുകയും ചെയ്തതിനാണ് അരുണിനെ അറസ്റ്റ് ചെയ്തത്. തൃശൂർ റേഞ്ച് ഐ.ജി: എസ്. അജിത ബീഗത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് തൃശൂർ റൂറർ പൊലീസ് സൂപ്രണ്ട് നവനീത് ശർമ്മ, ചാലക്കുടി ഡിവൈ.എസ്.പി: ടി.എസ്. സിനോജ് എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓപ്പറേഷൻ കൊരട്ടി മോഡലാണ് സിഗ്‌നൽ ജംഗ്ഷനിൽ നടന്നത്.
രണ്ടു മാസക്കാലമായി ശ്രീധരനെ പിടികൂടാൻ സംഘം അതീവ രഹസ്യമായി നീക്കം നടത്തുകയായിരുന്നു. കേരളത്തിന് പുറത്ത് തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ശ്രീധരന്റെ പേരിൽ അഞ്ച് കേസുകളുണ്ടെന്ന് ഡി.ഐ.ജി പറഞ്ഞു. കേരളത്തിലെ പല കേസുകളിലും കോടതിയിൽ ജാമ്യം എടുത്ത് ശ്രീധരൻ പിന്നീട് ഒളിവിൽ പോവുകയായിരുന്നു.