temple

അയോദ്ധ്യ: വിപുലമായ സജീകരണങ്ങളോടെ അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാചടങ്ങിനായി ഒരുങ്ങുന്ന രാമ ക്ഷേത്രത്തെക്കുറിച്ചുളള വിശേഷങ്ങളാണ് ദിവസേന വാർത്തകളിൽ ഇടംപിടിക്കുന്നത്. രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നും പൂർണമായ പിന്തുണകൾ രാമക്ഷേത്രത്തിന് ഇതിനകം തന്നെ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ക്ഷേത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടുളള ചില വിവരങ്ങളാണ് പുറത്തുവരുന്നത്.

രാമക്ഷേത്ര നിർമാണത്തിനായി കമ്പിയോ സ്​റ്റീലോ ഉപയോഗിച്ചിട്ടില്ലെന്നാണ് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്​റ്റിന്റെ ചെയർമാനായ ശ്രീ നൃപേന്ദ്ര മിശ്ര മാദ്ധ്യമങ്ങളോട് പറഞ്ഞത്. പകരം പാരമ്പര്യ തനിമ ഉൾക്കൊണ്ടിട്ടുളള കെട്ടിടനി‌ർമാണ രീതിയാണ് അയോദ്ധ്യയിൽ സ്വീകരിച്ചിട്ടുളളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുൻപ് നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ നിർമാണം നൂ​റ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയതായിരുന്നുവെന്ന് മിശ്ര പറയുന്നു.

മ​റ്റെവിടെയും ഇന്നുവരെ കാണാത്ത തരത്തിലുളള തയ്യാറെടുപ്പുകളാണ് ക്ഷേത്രത്തിന്റെ നിർമാണത്തിനായി ഒരുക്കിയത്. രാജ്യത്തെ തന്നെ പ്രസിദ്ധ ശാസ്ത്രജ്ഞരുടെയും ഐഎസ്ആർഒയിൽ പരീക്ഷിക്കുന്ന നിരവധി സാങ്കേതികവിദ്യകളും നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിദ്ധ വാസ്തുവിദ്യാ വിദഗ്ദ്ധനായ ചന്ദ്രകാന്ത് സോമപുരയാണ് ക്ഷേത്രത്തിന്റെ മാതൃക തയ്യാറാക്കിയിരിക്കുന്നത്. നാഗർശൈലി അല്ലെങ്കിൽ ഉത്തരേന്ത്യൻ വാസ്തുവിദ്യാ രീതികളാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല ലോകത്തുളള ഒരു സ്ഥലത്തും ഇത്തരത്തിലുളള ക്ഷേത്രം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മിശ്ര പറഞ്ഞു.

ram

2.7 ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ഉയരം 57,000 ചതുരശ്ര അടിയാണ്. നിർമാണത്തിനായി ഇരുമ്പോ സ്​റ്റീലോ ഉപയോഗിച്ചിട്ടില്ല. അത്തരത്തിലുളള വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടങ്ങൾക്ക് 80 മുതൽ 90 വർഷം വരെയാണ് ആയുസുളളത്.ലോകത്തെ ഏ​റ്റവും ഉയരം കൂടിയ കെട്ടിടമായ കുത്തബ് മിനാറിന്റെ 70ശതാമനത്തോളം (161 അടി) ഉയരം രാമക്ഷേത്രത്തിനുണ്ട്.


മികച്ച ഗുണനിലവാരമുളള ഗ്രാനൈ​റ്റ്, മാർബിൾ തുടങ്ങിയവയാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇവ പരസ്പരം യോജിപ്പിക്കാനായി സിമെന്റോ മ​റ്റുളള വസ്തുക്കളോ ഉപയോഗിച്ചിട്ടില്ല. കല്ലുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിനായി ആധുനിക സംവിധാനങ്ങളായ കീ മെക്കാനിസവും ലോക്ക് സൗകര്യങ്ങളുമാണ് പ്രയോഗിച്ചിരിക്കുന്നത്. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഡയറക്ടറായ ഡോ.പ്രദീപ് കുമാർ രമൺചർലയും സംഘവുമാണ് രാമക്ഷേത്രത്തിന്റെ നിർമാണത്തിന് നേതൃത്വം നൽകിയിരിക്കുന്നത്.

construction

ഭൂകമ്പത്തെ പോലും പ്രതിരോധിക്കാൻ ശേഷിയുളള തരത്തിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. എന്നാൽ ഒരു കാലത്ത് സരയൂ നദി കരകവിഞ്ഞ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപത്തായി ഒഴുകിയത് മൂലം കൂടുതൽ മണൽ നിക്ഷേപം ഉണ്ടായിട്ടുണ്ടായിരുന്നു. ഇത് നിർമാണ സമയത്ത് ഉയർന്നുവന്ന ഒരു വെല്ലുവിളിയായിരുന്നുവെന്ന് മിശ്ര മുൻപ് പറഞ്ഞിരുന്നു. ഇതിനെ നിർമാണസംഘം വിദഗ്ദ്ധമായാണ് നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിർമാണത്തിന് മുന്നോടിയായി 15 മീ​റ്റർ ആഴത്തിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം കുഴിച്ചിരുന്നു. ഇവിടെ എഞ്ചീനിയേർഡ് സോയിൽ (മണ്ണ്, മണൽ, കളിമണ്ണ്,മ​റ്റുളള ഓർഗാനിക് വസ്തുക്കൾ തുടങ്ങിയവ പ്രത്യേക ചേരുവയിൽ തയ്യാറാക്കിയ മിശ്രിതം) ഉപയോഗിച്ചാണ് അടിത്തറ തയ്യാറാക്കിയത്. അടിത്തട്ടിന് മുകളിലായി ഒന്നര മീ​റ്റർ കനത്തിൽ മെ​റ്റൽ രഹിത കോൺക്രീറ്റിംഗാണ് ചെയ്തത്. കൂടാതെ അടിത്തറ കൂടുതൽ ഉറപ്പിക്കുന്നതിനായി 6.3 മീ​റ്റർ കനത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച ഗ്രാനൈ​റ്റ് കല്ലുകളുപയോഗിച്ച് കൂടുതൽ ബലപ്പെടുത്തി.രാജസ്ഥാനിൽ നിന്നെത്തിച്ച പിങ്ക് നിറത്തിലുളള 'ബാൻസി പഹർപൂർ' എന്ന പ്രത്യേക കല്ലുകളുപയോഗിച്ചാണ് ക്ഷേത്രത്തിന്റെ മുൻഭാഗം നിർമിച്ചിരിക്കുന്നത്. ശ്രീകോവിലിന്റെ മുൻഭാഗം ഒരുക്കാനായി രാജസ്ഥാനിൽ നിന്നും വെളള നിറത്തിലുളള മക്രാന മാർബിളുകളും എത്തിച്ചിട്ടുണ്ടായിരുന്നു. അൻപതോളം ക്ഷേത്രങ്ങളുടെ മാതൃക വിശദമായി പരിശോധിച്ചതിന് ശേഷമാണ് നാഗര ശൈലിയിലുളള ക്ഷേത്രത്തിന്റെ മാതൃക തിരഞ്ഞെടുത്തത്. 2020ന്റെ ആരംഭത്തോടെയാണ് ക്ഷേത്രം നിർമാണം ഔദ്യോഗികമായി ആരംഭിച്ചത്.

എന്നാൽ ഇപ്പോൾ രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്നത് ജനുവരി 22ന് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാചടങ്ങിലേക്കാണ്. ഉത്തർപ്രദേശിലെ അയോദ്ധ്യയിലും മറ്റുളള നഗരങ്ങളിലും വിപുലമായ തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്.