
ആലപ്പുഴ: തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഡൽഹിയിൽ സമരം നടത്തുന്നത് സർക്കാരിന്റെ കഴിവുകേട് മറയ്ക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഡി.സി.സി ഓഫീസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും നികുതിപിരിവിലെ ദയനീയ പരാജയവുമാണ് ധനപ്രതിസന്ധിയുടെ കാരണങ്ങൾ. കൃത്യമായ രേഖകൾ നൽകാതെ അഞ്ചു വർഷം കൊണ്ട് 30,000 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത്. നികുതി ഭരണ സംവിധാനം ഇല്ലാതാക്കി കേരളത്തെ നികുതിവെട്ടിപ്പുകാരുടെ പറുദീസയാക്കി. ഒരു ലക്ഷത്തിന് മുകളിലുള്ള ചെക്ക് പോലും മാറാനാകുന്നില്ല. ഇങ്ങനെയുള്ളവർ എന്തിനാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്.
ധനകാര്യ കമ്മിഷന്റെ വിഹിതം കുറഞ്ഞത് സംബന്ധിച്ചുള്ള നിവേദനം യു.ഡി.എഫ് എം.പിമാർ കേന്ദ്ര ധനകാര്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. കണക്ക് നൽകിയിട്ടും കേന്ദ്രം പണം അനുവദിക്കാത്തത് സംബന്ധിച്ച് ധവളപത്രം ഇറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണോ? അത്തരം പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാൽ പ്രതിപക്ഷവും യു.ഡി.എഫ് എം.പിമാരും സർക്കാരിനൊപ്പം നിൽക്കും.
തൃശൂരിൽ സി.പി.എം- ബി.ജെ.പി സഖ്യം വളരെ വ്യക്തമാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേതു പോലെ കരുവന്നൂർ, മാസപ്പടി അന്വേഷണങ്ങൾ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉണ്ടാക്കുന്ന സെറ്റിൽമെന്റിൽ അവസാനിക്കും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബി.ജെ.പിയുമായി സംഖ്യമുണ്ടാക്കുമെന്ന് വിഡ്ഢികൾ മാത്രമേ പറയൂ. സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷൻ, മാസപ്പടി, ലാവ്‌ലിൻ കേസുകൾ സെറ്റിൽ ചെയ്തതിന് പകരമായി കുഴൽപ്പണ കേസിൽ നിന്നും കെ.സുരേന്ദ്രനെ ഒഴിവാക്കിക്കൊടുത്തതായും സതീശൻ
ആരോപിച്ചു.