ആലപ്പുഴ: വാടയ്ക്കൽ കറുകപ്പറമ്പിൽ ജിനു (20) ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ, അയൽവാസിയായ വീട്ടമ്മയെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.വാടയ്ക്കൽ വെളി​യി​ൽ വീട്ടി​ൽ ഗ്രേസ് റാഫേൽ (55)ആണ് പി​ടി​യി​ലായത്. ഈ മാസം അഞ്ചിനായിരുന്നു ജിനുവിന്റെ മരണം. കഴിഞ്ഞമാസം 21ന് ഇ.എസ്.ഐ ആശുപത്രിയ്ക്ക് സമീപത്ത് വെച്ച് വീടിന് സമീപമുള്ള പ്‌ളസ് വൺ വിദ്യാർത്ഥിയ്ക്ക് ജിനുവിന്റെ ബൈക്ക് ഇടിച്ച് പരിക്കേറ്റിരുന്നു. വിദ്യാർത്ഥിയുടെ ബന്ധുകൂടിയായ യുവതി പിന്നീട് ജിനുവിനെ വിളിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. സൗത്ത് പൊലീസിൽ പരാതിയും നൽകി. ഇതെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായ ജിനു സുഹൃത്തുക്കളിൽ ചിലരോട് താൻ മരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ജിനുവിന്റെ സംസ്‌കാര ദിവസം ജിനുവിനെതിരെ പരാതി നൽകിയ യുവതിയുടെ വീടിന് മുന്നിൽ ബന്ധുക്കളും നാട്ടുകാരിൽ ചിലരും പ്രതിഷേധവുമായെത്തി. പൊലീസെത്തി സമരക്കാരെ പിന്തിരിപ്പിച്ചെങ്കിലും പൊലീസ് കാവലിൽ തുടരുന്ന വീടിന്റെ ഒരുമുറി അഗ്‌നിക്കിരയായി. മുറിയ്ക്കുളളിലുണ്ടായിരുന്ന ഉപകരണങ്ങൾ കത്തി നശിച്ചിരുന്നു
മുറിയ്ക്കുള്ളിൽ നിന്ന് തീയും പുകയും വരുന്നത് കണ്ടപ്പോഴാണ് തീപിടിത്തം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ആരോപണ വിധേയയായ യുവതിയും ഭർത്താവും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഫയർഫോഴ്‌സെത്തിയാണ് തീകെടുത്തിയത്.