
ഹൈദരാബാദ്: യു.എസ് കമ്പനിയുടെ രജത ജൂബിലി ആഘോഷങ്ങൾക്കിടെയുണ്ടായ അപകടത്തിൽ ഇന്ത്യക്കാരനായ സി.ഇ.ഒയ്ക്ക് ദാരുണാന്ത്യം. വിസ്‌ടെക്‌സ് ഏഷ്യ പസിഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സോഫ്‌റ്റ്‌വെയർ കമ്പനിയുടെ സി.ഇ.ഒ സഞ്ജയ് ഷാ (56) ആണ് മരിച്ചത്. കമ്പനി പ്രസിഡന്റ് വിശ്വനാഥ രാജു ദത്തിയ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആഘോഷത്തിന്റെ തുടക്കത്തിൽ ഇരുവരെയും മുകളിൽനിന്ന് ഇരുമ്പു കൂടിനുള്ളിലാക്കി സ്‌റ്റേജിലേക്ക് ഇറക്കുന്നതിനിടെ 15 അടി ഉയരത്തിൽ നിന്ന് പൊട്ടിവീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി 7.40ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വച്ചായിരുന്നു അപകടമെന്ന് കമ്പനി അധികൃതർ അറിയിച്ചു. സംഗീത പരിപാടി നടക്കുന്നതിനിടെ മുകളിൽ ഘടിപ്പിച്ച ഇരുമ്പു കൂട്ടിൽ നിന്നും കൈവീശി ഇരുവരും സ്റ്റേജിലേക്ക് ഇറങ്ങുന്നതായിരുന്നു പദ്ധതി. ഒരുവശത്തെ ഇരുമ്പ് കയർ പൊട്ടിതോടെ ഇരുമ്പ് കൂട് ചെരിയുകയും ഇരുവരും കോൺക്രീറ്റ് തറയിലേക്ക് ഇടിച്ചുവീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സഞ്ജയ് ഷായെ രക്ഷിക്കാനായില്ല.
മുംബയ് സ്വദേശിയായ സഞ്ജയ് 1999ലാണ് വിസ‌്ടെക്‌സ് കമ്പനി സ്ഥാപിച്ചത്. 2000ലധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്. കമ്പനിയുടെ വരുമാനം 300 ദശലക്ഷം ഡോളറാണ്.
ഹൈദരാബാദിന് പുറമേ യു.എസ്, കാനഡ, മെക്‌സിക്കോ, യൂറോപ്പ്, ആഫ്രിക്ക എന്നിവടങ്ങളിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. കൊക്കക്കോള, യമഹ, സോണി, ഡെൽ തുടങ്ങി വമ്പൻ കമ്പനികൾ വിസ്‌ടെക്സിന്റെ ഇടപാടുകാരാണ്.