
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല അൽപ്പസമയത്തിനകം ആരംഭിക്കും. കേരളത്തിലെ ജനങ്ങൾ ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ പ്രയാസം സംബന്ധിച്ച മൂന്ന് മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സംസ്ഥാന വ്യാപകമായി ഡി.വൈ.എഫ്.ഐ ക്യാമ്പെയിൻ നടത്തുന്നതെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.
'ഇത്രയുമധികം ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന, വികസന പ്രവർത്തനങ്ങൾ നടത്തുന്ന കേരളം പോലെയുള്ള സംസ്ഥാനത്തെ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധമാണ് മനുഷ്യച്ചങ്ങലയിൽ മുഖ്യമായും ഉയർത്തിക്കാട്ടുന്നത്. കേന്ദ്രസർക്കാർ ബോധപൂർവം കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ബുദ്ധിമുട്ടിക്കുക എന്ന നയം സ്വീകരിച്ചുകൊണ്ടാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം തൊഴിലില്ലായ്‌മയാണ്. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മാത്രം ഇരുപത്തിയയ്യായിരത്തോളം വരുന്ന യുവജനങ്ങൾ തൊഴില്ലായ്‌മ മൂലം ആത്മഹത്യ ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന്റെ യഥാർത്ഥ കണക്കുകൾ പോലും കേന്ദ്രസർക്കാർ പുറത്തുവിടുന്നില്ല.
റെയിൽവേ മേഖലയിൽ നമുക്ക് നേരെയുള്ള അവഗണനയാണ് മറ്റൊന്ന്. കെ റെയിലിനെ തിരസ്‌കരിക്കുകയും അംഗീകരിക്കാതിരിക്കുകയും ബഡ്‌ജറ്റിൽ കേരളത്തിലെ റെയിൽവേയ്ക്കായി പരിഗണന നൽകാതിരിക്കുകയും ചെയ്യുന്നത് കേരളത്തോടുള്ള കടുത്ത അവഗണനയാണ് ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ ജനങ്ങളെ ക്യാമ്പെയിനിന്റെ ഭാഗമാക്കി നാനാഭാഗത്തുനിന്നുമുള്ളവരെ ചേർത്തുനിർത്തി ഒരു സമരം ഏറ്റെടുക്കാൻ ഡി.വൈ.എഫ്.ഐ സജ്ജരാണ്. ഒരു ലക്ഷത്തിലധികം പേർ തിരുവനന്തപുരം ജില്ലയിൽ മാത്രം പങ്കെടുക്കും. സംസ്ഥാനത്തൊട്ടാകെ നിന്ന് 20 ലക്ഷത്തിലധികം പേർ മനുഷ്യച്ചങ്ങലയുടെ ഭാഗമാവും'- മേയർ വ്യക്തമാക്കി.
ഇന്ന് കാസർകോട് മുതൽ തിരുവനന്തപുരത്ത് രാജ്ഭവൻവരെയാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. വൈകിട്ട് അഞ്ചിനാണ് ചങ്ങല തീർക്കുക. 4.30ന് ട്രയൽ നടത്തും. വൈകിട്ട് മൂന്ന് മുതൽ രാജ്ഭവനു മുന്നിൽ കലാപരിപാടികൾ ആരംഭിക്കും. കാസർകോട്ട് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹിം ആദ്യ കണ്ണിയും രാജ്ഭവന് മുന്നിൽ ഡി.വൈ.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റ് ഇ.പി ജയരാജൻ അവസാന കണ്ണിയുമാവും.
രാജ്ഭവനുമുന്നിലെ പൊതുയോഗം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ജില്ലാതിർത്തിയായ കടമ്പാട്ടുകോണം വരെ 50 കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യച്ചങ്ങല. ജില്ലയിൽ 19 കേന്ദ്രങ്ങളിൽ പൊതുയോഗവും ഉണ്ടാകും.