rashmika-mandanna

ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശിയാണ് അറസ്റ്റിലായത്. താരത്തിന്റെ ഡീപ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് നവംബർ 10 നാണ് ന്യൂഡൽഹി പൊലീസ് കേസ് എടുത്തിരുന്നത്.

കറുത്ത വസ്ത്രം ധരിച്ച് ലിഫ്റ്റിൽ കയറുന്ന മറ്റൊരു സ്ത്രീയുടെ വീഡിയോയിൽ രശ്മികയുടെ മുഖം മോർഫ് ചെയ്ത് ചേർത്താണ് വീഡിയോ പ്രചരിപ്പിച്ചത്. സാറാ പട്ടേൽ എന്ന ബ്രിട്ടീഷ്-ഇന്ത്യൻ സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസറുടെ വീഡിയോ ഉപയോഗിച്ചാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ചത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു.

ബോളിവുഡ് നടിമാരായ ആലിയാ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തൽ. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.

രശ്മികയുടെ വീഡിയോ പ്രചരിച്ചതോടെയാണ് ഇന്ത്യയിൽ ഡീപ് ഫേക്ക് വലിയ ചർച്ചയായത്. നടിക്ക് പിന്തുണയറിയിച്ചും ഡീപ് ഫേക്ക് വീഡിയോയിൽ നടപടി ആവശ്യപ്പെട്ടും ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധി പേർ അന്ന് രംഗത്തെത്തിയിരുന്നു. ഡീപ് ഫേക്കിനെ കുറിച്ച് കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയാ കമ്പനികൾക്ക് മുന്നറിയിപ്പും നൽകിയിരുന്നു.