mvd

കാസർകോട്: വിവാഹശേഷം വരനെ ആഭാസകരമായി വാഹനങ്ങളിലും മറ്റും ആനയിച്ച് റോഡിലിറക്കി ഗതാഗത സ്തംഭനമുണ്ടാക്കുന്നതിനെതിരെ കർശന നടപടിയെടുക്കാൻ കാസർകോട് പൊലീസ്. ആനയിക്കലുംഗതാഗതതടസവും റോഡിലെ സംഘർഷവും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കടുത്ത നടപടിക്കൊരുങ്ങുന്നത്.

വിവാഹ ശേഷം വരനെ വധുവിന്റെ വീട്ടിലേക്ക് ആഭാസകരമായി ആനയിക്കുന്നത് മൂലമുള്ള പരാതികൾ മുമ്പ് ഉണ്ടായിരുന്നു. കർശന നടപടി സ്വീകരിച്ചതിനെ തുടർന്ന് ഇതിന് നിയന്ത്രണം വന്നിരുന്നു. കൊവിഡ് കാലത്ത് ലളിതമായി നടത്തിയിരുന്ന കല്യാണങ്ങൾ ഇപ്പോൾ വീണ്ടും ആർഭാടത്തിലേക്ക് മാറിയതോടെ റോഡ് തടസം ഉണ്ടാക്കി യാത്രക്കാരെ മണിക്കൂറുകളോളം ബന്ദികളാക്കുന്ന രീതിയിലേക്ക് പല വിവാഹങ്ങളും മാറി. വിവാഹ ചടങ്ങുകളുടെ പേരിൽ പേക്കൂത്തുകൾ നടക്കുന്നതായുള്ള നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഉദുമയിലും കോട്ടിക്കുളത്തും കഴിഞ്ഞ ദിവസം നടന്ന ആനയിക്കൽ പരിപാടി സംഘർഷത്തിൽ കലാശിച്ചിരുന്നു. വിവാഹ ഘോഷയാത്രയിൽ കഞ്ചാവ് ലഹരിയിൽ കയറി കൂടിയ യുവാക്കൾ ആണ് കുഴപ്പക്കാരായത്. മണിക്കൂറുകളോളം റോഡ് ഗതാഗതം സ്തംഭിച്ചു നടത്തിയ ഘോഷയാത്ര ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. ജമാ അത്ത് ഭാരവാഹികളും എതിർപ്പുമായി രംഗത്ത് വന്നിരുന്നു.

നടപടി ഉറപ്പിച്ചോളു

വിവാഹ ഘോഷയാത്രയുടെ പേരിൽ അരങ്ങേറുന്ന കോപ്രായങ്ങളെയും നിയമലംഘനത്തെയും നേരത്തെ മോട്ടോർ വാഹന വകുപ്പും പൊലീസും കാര്യമായെടുത്തിരുന്നില്ല. എന്നാൽ പൊതുജനശല്യമെന്ന നിലയിൽ കടുത്ത നടപടിയെടുക്കാതിരിക്കാൻ ഇനി മാർഗമില്ലെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ് .ഈ രീതി തുടർന്നാൽ വരനും സുഹൃത്തുക്കളുമടക്കം ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

ആഘോഷമല്ല, ഇത് ക്രൂരത

വരനെ മണ്ണുമാന്തിക്ക് മുകളിൽ കയറ്റുക

 ആനപ്പുറത്തും ഒട്ടകത്തിന് മുകളിലും എഴുന്നള്ളിക്കുക

കീറിയ വേഷം ധരിപ്പിച്ച് ഭിക്ഷക്കാരനെപ്പോലെകൊണ്ടുവരുക

വിലയുള്ള ബ്രാന്റഡ് ഷർട്ട് കീറി ചായം പുരട്ടി വിടുക

വരനെയും വധുവിനെയും കിലോമീറ്ററുകളോളം നടത്തിക്കുക

വധുവിനെ പിന്നിലിരുത്തി വരനെകൊണ്ട് സൈക്കിൾ ഓടിപ്പിക്കുക

വരനെ വീൽചെയറിലിരുത്തി വധുവിനെക്കൊണ്ട് തള്ളിക്കുക

ശവപെട്ടിയിലും വരൻ

വർഷങ്ങൾക്ക് മുമ്പ് കണ്ണൂർ സിറ്റിയിലെ ഒരു വിവാഹത്തിൽ വരനെ വധൂഗൃഹത്തിലെത്തിച്ചത് ശവപ്പെട്ടിയിലാക്കിയായിരുന്നു. വെള്ളത്തുണിയിൽ പൊതിഞ്ഞ് മൃതദേഹമെന്നപോലെ ഒരുക്കി വരനെ ശവപ്പെട്ടിയിലാക്കിയ കൂട്ടുകാർ ചുമന്നാണ് വധുഗൃഹത്തിലെത്തിച്ചത്. സഹികെട്ട നാട്ടുകാർ വരനെ താഴെയിറക്കി ശവപ്പെട്ടി സമീപത്തെ അഞ്ചുകണ്ടി തോട്ടിലേക്ക് വലിച്ചെറിഞ്ഞത് വലിയ വാർത്തയായിരുന്നു.