
കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും നാടായ ആലത്തൂർ കമ്മ്യൂണിസ്റ്റ് കോട്ടയാണെന്നായിരുന്നു വയ്പ്. പക്ഷേ, സി.പി.എമ്മിന് ആഴത്തിൽ വേരോട്ടമുള്ള മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രമ്യാ ഹരിദാസിലൂടെ കോൺഗ്രസ് പിടിച്ചടക്കിയത് ഞെട്ടലോടെ കണ്ടുനിൽക്കാനേ പാർട്ടിക്കു കഴിഞ്ഞുള്ളൂ. അതുകൊണ്ടുതന്നെ ഇത്തവണ എന്തു വിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കലാണ് ഇടതു ലക്ഷ്യം. കൂടുതൽ ജനസമ്മതനായ സ്ഥാനാർത്ഥിയെ നിറുത്താനാകും ശ്രമം.
ഇടതുമുന്നണിയുടെ കുത്തകയെന്ന് കരുതിയിരുന്ന മണ്ഡലം പാട്ടുംപാടി പിടിച്ചെടുത്ത് താരമായ കോൺഗ്രസിന്റെ രമ്യാ ഹരിദാസ് തന്നെയാകും ഇത്തവണയും യു.ഡി.എഫിനായി അങ്കത്തട്ടിലെന്നാണ് വിവരം. പ്രചാരണ വേദികളിൽ പാട്ടു പാടി വോട്ടർമാരെ കയ്യിലെടുത്ത രമ്യ സാധാരണ കുടുംബാംഗമാണ്. ആ നിലയ്ക്കും രമ്യ സ്വീകാര്യയായി. എന്നാൽ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ ഇടതു മുന്നണി കിണഞ്ഞു ശ്രമിക്കുമെന്ന് യു.ഡി.എഫിനറിയാം. അതുകൊണ്ട് പിടിച്ചെടുത്ത മണ്ഡലം നിലനിറുത്താനാകും അവരുടെ കഠിനശ്രമം. ഇത് കടുത്ത മത്സരത്തിന് കളമൊരുക്കുമെന്ന് ഉറപ്പ്. രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെ ശ്രദ്ധേയായി, ആലത്തൂരിൽ വൻ ഭൂരിഭക്ഷത്തിൽ വിജയിച്ച രമ്യയ്ക്ക് പകരമൊരാളെ പരീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ആലത്തൂരിലെ ജയം ഇത്തവണ ഇരുകൂട്ടർക്കും അഭിമാനപ്രശ്നം. പട്ടികജാതി സംവരണ മണ്ഡലമായ ഇവിടെ കഴിഞ്ഞ തവണ ഒന്നര ലക്ഷത്തിലധികം വോട്ട് ഭൂരിപക്ഷത്തിനാണ് രമ്യാ ഹരിദാസ് സി.പി.എമ്മിലെ പി.കെ. ബിജുവിനെ തോൽപ്പിച്ചത്. അത്തരമൊരു ജയം ഇത്തവണ സാദ്ധ്യമാകണമെങ്കിൽ കഠിനാദ്ധ്വാനം വേണ്ടിവരുമെന്ന് കോൺഗ്രസിനറിയാം. നെല്ലിയാമ്പതിയിൽ കഴിഞ്ഞ മാസം നടന്ന ക്യാമ്പിൽ ഇക്കാര്യം ചർച്ചാവിഷയമായെന്നാണ് വിവരം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി രണ്ടാംവട്ടവും പി.കെ. ബിജുവിനെ നിറുത്തിയതിൽ പാർട്ടിയിൽത്തന്നെ വലിയൊരു വിഭാഗം എതിരായിരുന്നുവത്രെ. മണ്ഡലത്തിനു പുറത്തുള്ള സ്ഥാനാർത്ഥിയെ തുടർച്ചയായി പരീക്ഷിക്കുന്നത് ദോഷമാകുമെന്ന് പ്രവർത്തകരും നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. മണ്ഡലത്തിലെ ജനങ്ങളും പ്രവർത്തകരുമായി കൂടുതൽ സമ്പർക്കമുള്ളയാളെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു ആവശ്യം. ആ എതിർപ്പ് മറികടന്നായിരുന്നു അന്ന് പാർട്ടി തീരുമാനം. സി.പി.എമ്മിനു നേരിട്ട തിരിച്ചടിക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതെന്നാണ് വിലയിരുത്തൽ.
യു.ഡി.എഫിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമ്യാ ഹരിദാസ് തന്നെ മത്സരിക്കാൻ സാദ്ധ്യതയേറുമ്പോൾ ഇടതുമുന്നണിയിൽ നിന്ന് പല പേരുകളും ഉയരുന്നുണ്ട്. മന്ത്രി കെ. രാധാകൃഷ്ണന്റെ ജനസ്വാധീനം പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിയിലെ ചില കേന്ദ്രങ്ങൾ അഭിപ്രായപ്പെട്ടിരുന്നെങ്കിലും മുൻ എം.എൽ.എ യു.ആർ. പ്രദീപിന്റെ പേരിനാണ് ഇപ്പോൾ മുൻതൂക്കം. സൗമ്യനും ജനകീയനും മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയുമാണെന്ന മേന്മ പ്രദീപിനുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേലക്കരയിൽ നിന്ന് യു.ആർ. പ്രദീപ് മത്സരിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നെങ്കിലും കെ. രാധാകൃഷ്ണനാണ് രംഗത്തെത്തിയത്. ആ നിലയ്ക്കും പ്രദീപിന് അവസരം നൽകാനിടയുണ്ട്. മണ്ഡലത്തിൽ സ്വാധീനമുള്ള മറ്റൊരാൾ മുൻ മന്ത്രി എ.കെ. ബാലനാണെങ്കിലും പ്രായം തടസമായേക്കും. ഒറ്റപ്പാലത്തു നിന്ന് മൂന്നുതവണ എം.പിയായ എസ്. അജയകുമാറിനെയും പരിഗണിച്ചേക്കാം.
ഇരുമുന്നണികളെയും വിമർശിച്ചുകൊണ്ട് കഴിഞ്ഞ തവണ ബി.ഡി.ജെ.എസിലെ ടി.വി ബാബുവാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചത്. നില മെച്ചപ്പെടുത്താനായെങ്കിലും ഇത്തവണ ആലത്തൂർ സീറ്റിൽ ബി.ഡി.ജെ.എസിന് താത്പര്യമില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകും മത്സരിക്കുക. നേരത്തേ മത്സരംരഗത്തുണ്ടായിരുന്ന ഷാജുമോൻ വട്ടേക്കാടിന്റെ പേരിനാകും സാദ്ധ്യതയെന്നു കേൾക്കുന്നു.
മണ്ഡലത്തിൽ വികസന പദ്ധതികളെത്താത്ത ഒരു പഞ്ചായത്തുമില്ലെന്ന് രമ്യാ ഹരിദാസ് എം.പി വാദിക്കുമ്പോൾ രമ്യയ്ക്ക് ഒന്നും ചെയ്യാനായിട്ടില്ലെന്ന നിലപാടാണ് ഇടതുമുന്നണിക്ക്. പാർലമെന്റിലും കേന്ദ്രസർക്കാരിലും സമ്മർദ്ദം ചെലുത്തി വാങ്ങേണ്ട പദ്ധതികളുണ്ടെങ്കിലും നേടാനായില്ല. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഉൾപ്പെടെ നിരവധി ക്ഷേമപദ്ധതികൾ കേന്ദ്രസർക്കാരിനുണ്ടെങ്കിലും, രാഷ്ട്രീയം നോക്കാതെ നടപ്പാക്കുന്ന ഈ പദ്ധതികളുടെ ഗുണം ജനങ്ങളിലെത്തിക്കുന്നതിൽ എം.പി പരാജയപ്പെട്ടുവെന്നും ബി.ജെ.പി പറയുന്നു.
പാലക്കാട് ജില്ലയിലെ ചിറ്റൂർ, നെന്മാറ, തരൂർ, ആലത്തൂർ, തൃശൂർ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് പട്ടികജാതി സംവരണ മണ്ഡലമായ ആലത്തൂർ ലോക്‌സഭാ മണ്ഡലം. 2008-ലെ മണ്ഡല പുനഃക്രമീകരണത്തിൽ രൂപീകൃതമായി.
പാടാനല്ല,
പറയാനും
വിവിധ പദ്ധതികളിൽ 30 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടന്നു. തൃശൂർ മെഡി. കോളേജിൽ 100 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റിനായി 23.75 കോടി ചെലവിട്ടു. മലയോര ആശുപത്രികൾക്കു വരെ ഉപകരണങ്ങളെത്തിച്ചു. റോഡുകളും വെയിറ്റിംഗ് ഷെഡുകളും ഉൾപ്പെടെ പശ്ചാത്തല വികസന പദ്ധതികളും നടപ്പാക്കി.
- രമ്യ ഹരിദാസ് എം.പി
കർഷകരെ
കണ്ടില്ല
കർഷക പ്രശ്നങ്ങൾ കേന്ദ ശ്രദ്ധയിലെത്തിക്കാൻ എം.പിക്കു കഴിഞ്ഞില്ല. എം.പി ഫണ്ട് പൂർണ്ണമായി വിനിയോഗിച്ചില്ല. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, റോഡ്, സാംസ്കാരിക, ടൂറിസം രംഗങ്ങളിൽ വികസനം ഉറപ്പാക്കിയില്ല. തൃശൂർ മെഡിക്കൽ കോളേജിലും കാര്യമായൊന്നും ചെയ്യാനായിട്ടില്ല. സംസ്ഥാന പദ്ധതികളെ തകർക്കാൻ ശ്രമിച്ചു.
- എം.എം. വർഗീസ്
സി.പി.എം ജില്ലാ സെക്രട്ടറി, തൃശൂർ
പ്രതീക്ഷ
തെറ്റിച്ചു
ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാൻ എം.പിക്കായില്ല. കർഷക പ്രശ്നങ്ങൾ പരിഹരിച്ചില്ല. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ വേണ്ടവിധം ജനങ്ങളിലെത്തിക്കുന്നതിൽ പരാജയം. എം.പി ഫണ്ട് എത്താത്ത പല പഞ്ചായത്തുകളുമുണ്ട്. ഈയിടെ തരൂരിൽ ഒരു പാലവുമായി ബന്ധപ്പെട്ട് ഒരുസംഘം വീട്ടമ്മമാർ സമരത്തിനിറങ്ങിയിരുന്നു.
- കെ.എം. ഹരിദാസ്
ബി.ജെ.പി. പാലക്കാട് ജില്ലാ പ്രസിഡന്റ്
2019ലെ വോട്ട്
രമ്യാ ഹരിദാസ് (കോൺഗ്രസ്) 5,33,815
പി.കെ. ബിജു (സി.പി.എം) 3,74,847
ടി.വി. ബാബു (ബി.ഡി.ജെ.എസ്) 89,837