
ചെന്നൈ: തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്നലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥ ക്ഷേത്രത്തിലും രാമേശ്വരത്തെ ശിവക്ഷേത്രത്തിലും ദർശനം നടത്തി. അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള ക്ഷേത്രപര്യടനത്തിന്റെ ഭാഗമായാണ് സന്ദർശനം. ക്ഷേത്രത്തിൽ റോഡ് ഷോയായാണ് മോദി എത്തിയത്. മുഖ്യപുരോഹിതർ ചേർന്ന് മോദിയെ സ്വീകരിച്ചു. കമ്പരാമായണ പാരായണത്തിലും അദ്ദേഹം പങ്കുചേർന്നു. പൂജാരിമാർ ചേർന്ന് അദ്ദേഹത്തിന് പൂർണ്ണ കുംഭ ബഹുമതി നൽകി. ഉച്ചയ്ക്കുശേഷം രാമേശ്വരത്ത് എത്തി. പുണ്യസ്നാനം നടത്തി. സീതയ്ക്കൊപ്പം രാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ശിവക്ഷേത്രമായ രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് ധനുഷ്‌കോടി കോതണ്ടരാമ സ്വാമി ക്ഷേത്രം സന്ദർശിച്ച ശേഷം അയോദ്ധ്യയിലേക്ക് പുറപ്പെടും. അതിനിടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദിയുടെ സന്ദർശനത്തെ വിലയിരുത്തേണ്ട എന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു.
ആണ്ടാളിന്റെ അനുഗ്രഹം
അതിനിടെ, ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആണ്ടാൾ എന്ന ആന മോദിയെ അനുഗ്രഹിക്കുന്ന ചിത്രങ്ങൾ വൈറലായി.
ആന മോദിയെ തുമ്പിക്കൈ ഉയർത്തി അനുഗ്രഹിക്കുകയും തൊടുകയും ചെയ്യുന്നു. തുമ്പിക്കൈയിൽ തലോടി ലാളിച്ച മോദി ആണ്ടാളിന് ഭക്ഷണവും നൽകി.
സ്റ്റാലിന് കൈത്താങ്ങ്
കഴിഞ്ഞ ദിവസം ഖേലോ യൂത്ത് ഗെയിംസ് വേദിയിലേക്ക് നടക്കുന്നതിനിടെ കാലിടറിയ സ്റ്റാലിനെ വീഴാതെ പിടിക്കുന്ന മോദിയുടെ ദൃശ്യങ്ങൾ വൈറലായി. ഇരുവരും കൈപിടിച്ച് സംസാരിച്ചുകൊണ്ട് വരുന്നതിനിടെയാണ് സ്റ്റാലിന് കാലിടറിയത്.
മത്സ്യത്തൊഴിലാളികളെ
മോചിപ്പിക്കാൻ ശ്രമം
ശ്രീലങ്കയിൽ തടവിലുള്ള മത്സ്യത്തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ട നടപടികൾ ഊർജ്ജിതമാക്കി. ഇതിനായി ലങ്കയിലെ ഇന്ത്യൻ എംബസിക്ക് നിർദ്ദേശം നൽകി. നയതന്ത്ര ചർച്ചകൾക്കു പിന്നാലെ ഇവരെ മോചിപ്പിക്കുമെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് മോചനത്തിനുള്ള നീക്കം. കഴിഞ്ഞ ആറ് ദിവസങ്ങൾക്കിടെ തമിഴ്നാട്ടിൽ നിന്നു പോയ 40ഓളം മത്സ്യത്തൊഴിലാളികളെയാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന കാരണത്താൽ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്‌തത്. കോടതി നടപടികൾ പൂർത്തിയാക്കിയാൽ മോചനമുണ്ടാകുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി തമിഴ്നാട്ടിലുള്ളപ്പോൾ തന്നെ ഇവരെ തിരികെയെത്തിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം.