praveena

തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ പിടികൂടിയതിന് പിന്നാലെ പൊലീസിന്‌ നന്ദി പറഞ്ഞ് നടി പ്രവീണ. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി ഭാഗ്യരാജിനെ (24) കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ നിന്ന് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

'അവൻ കേരളത്തിൽ അല്ലെന്നതായിരുന്നു നമ്മുടെ പൊലീസിന് ഏറ്റവും പ്രയാസകരമായ കാര്യം. ഡൽഹിയിലായിരുന്നു ഈ പയ്യൻ. കല്യാണത്തിന് എന്നെ വിളിച്ചപ്പോൾ ഞാൻ സുരേഷ് ഗോപിയോട് ഈ വിഷമം പറഞ്ഞു. നമുക്ക് പിഎമ്മിന്റെ ഓഫീസിൽ കൊടുത്തുനോക്കാം. പരാതി എഴുതി തരൂവെന്ന് പറഞ്ഞു. പരാതി അപ്പോൾ തന്നെ ടൈപ്പ് ചെയ്തു സുരേഷേട്ടന് അയച്ചുകൊടുത്തു. രാത്രിയിലിരുന്ന് പുള്ളി തന്നെ ടൈപ്പ് ചെയ്ത് പി എം ഒയുടെ ഓഫീസിൽ അയച്ചുകൊടുത്തു. രണ്ട് ദിവസം മുൻപാണ് പരാതി കൊടുത്തത്. അങ്ങനെ വന്നതാണെന്ന് തോന്നുന്നു. അത് മാത്രമല്ല കേരള പൊലീസും ഒരുപാട് ശ്രമിച്ചിരുന്നു. അവരാണല്ലോ അറസ്റ്റ് ചെയ്തത്. ക്രഡിറ്റ് കൂടുതലും അവർക്കാണ് പോകുന്നത്.'- പ്രവീണ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം സുരേഷ് ഗോപിയോട് സംസാരിച്ചിരുന്നുവെന്നും സന്തോഷമായില്ലേയെന്ന് അദ്ദേഹം ചോദിച്ചെന്നും പ്രവീണ കൂട്ടിച്ചേർത്തു.

പ്രവീണയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ 2021 നവംബറിലും അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ലാപ്‌ടോപ്പിൽ നിന്ന് ഇത്തരത്തിലുള്ള വേറെയും ചിത്രങ്ങൾ കണ്ടെത്തിയിരുന്നു. കോടതി റിമാൻഡ് ചെയ്ത ഭാഗ്യരാജ് ഒരു മാസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ജാമ്യത്തിലിറങ്ങി വീണ്ടും ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുകയായിരുന്നു.