pic

പ്രാഗ്: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ കുറ്റാരോപിതനായ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയെ (52) യു.എസിന് കൈമാറാൻ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് ഹൈക്കോടതിയുടെ അനുമതി. അന്തിമ തീരുമാനം നീതിന്യായ മന്ത്രി പവൽ ബ്ലാസെക്ക് പ്രഖ്യാപിക്കും. കൈമാറുന്നതിനെതിരെ നിഖിൽ സമർപ്പിച്ച അപ്പീലുകൾ നേരത്തെ തള്ളിയിരുന്നു. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനായ പന്നൂനിനെ അമേരിക്കയിൽ വച്ച് വധിക്കാൻ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന്റെ അറിവോടെ നടന്ന ശ്രമം തകർത്തെന്നാണ് യു.എസ് വാദം. ഗൂഢാലോചനയിൽ പങ്കാളിയായ നിഖിലിനെ യു.എസിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. നിഖിൽ നിലവിൽ ചെക്ക് റിപ്പബ്ലിക്കിലെ ജയിലിലാണ്. നിഖിലിനെ രാജ്യത്തെത്തിച്ച ശേഷം മാത്രമേ കേസിലെ തെളിവുകൾ സമർപ്പിക്കാനാകൂ എന്ന് യു.എസ് ഭരണകൂടം അടുത്തിടെ ന്യൂയോർക്കിലെ കോടതിയിൽ വ്യക്തമാക്കിയിരുന്നു.